പി വി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.അഴിമതിക്കാരുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തിലെ പോലീസ് ഇതുപോലെ ചരിത്രത്തില്‍ നാണംകെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഭരിച്ച ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലുള്ള ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടോ?
ഇതു ചോദ്യം ചെയ്യാന്‍ നട്ടെല്ലുള്ള ആരെങ്കിലും സിപിഐഎമ്മിലുണ്ടോ? എല്ലാവരും ഭയന്നു കഴിയുകയാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
പി വി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, അതില്‍ ഒരു വസ്തുതയുമില്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. അതിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അടക്കം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷത്തെ ഒരു എംഎല്‍എയല്ല. ഭരണകക്ഷി എംഎല്‍എയാണ്. ആരോപണം ഉന്നയിച്ച അന്‍വറിനെതിരെ സിപിഎം നടപടിയെടുക്കുമോ? പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷം ആയിരുന്നെങ്കില്‍ ഇവര്‍ തള്ളിക്കളഞ്ഞേനെ എന്നും വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണത്തോട് എന്താണിത്ര ഭ്രമം? സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും ഗുണ്ടാ സംഘത്തിനും എഡിജിപി പിന്തുണ കൊടുക്കുന്നു. എംഎല്‍എ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ ആരോപണ വിധേയരെ നിലനിര്‍ത്തി കൊണ്ടാണോ അന്വേഷണം നടത്തേണ്ടത്? ജനങ്ങളെ പറ്റിക്കുകയാണ് സര്‍ക്കാരെന്നും സതീശന്‍ കുറ്റപ്പെടുത്തി.