പി.എസ്.സി അംഗത്വത്തിന്ന കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പാർട്ടിക്ക് ഒരറിവുമില്ലെന്ന് പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പാർട്ടിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണെന്നും പി മോഹനൻ പറഞ്ഞു.
അറിവുണ്ടെങ്കിൽ വിശദീകരണം നൽകുമെന്നും മുഹമ്മദ് റിയാസിനെയും അതുവഴി പാർട്ടിയെയും സർക്കാരിനെയും കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പി മോഹനൻ പറഞ്ഞു. തെറ്റായ രീതി ഒരു സഖാക്കളിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദം സംഭവിച്ച് ഒരു പരാതിയോ കാര്യമോ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഇപ്പോൾ കാണിക്കുന്ന കോലാഹലങ്ങൾക്കപ്പുറം ഒരു കാര്യവും ഇത് സംബന്ധിച്ച് അറിയില്ലെന്ന് പി മോഹനൻ പറഞ്ഞു.
പ്രമോദ് കോട്ടുളിക്കെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഏതെങ്കിലും തെളിവ് കൈയിലുണ്ടോ എന്നായിരുന്നു പി മോഹനന്റെ മറു ചോദ്യം. ജില്ലാ നേതൃത്വത്തിന് ഇത് സംബന്ധിച്ച് ഒരറിവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പി എസ് സി അംഗമായി നിയമനം കിട്ടുന്നതിന് സിപിഎമ്മിന്റെ കോഴിക്കോട്ടെ നേതാവ് കോഴ ആവശ്യപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നത്.
60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം നൽകിയായിരുന്നു കോഴ ആവശ്യപ്പെട്ടത്. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടുളിക്കെതിരെയാണ് ആരോപണം ഉയർന്നത്.