എസ്പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി. പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം സ്വർണം പൊലീസ് മുക്കിയെന്ന് സ്വർണക്കടത്തുകാരൻ വെളിപ്പെടുത്തി. സുജിത് ദാസിന്റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് ‘സ്വർണം മുക്കൽ ‘ ആരോപണം.കരിപ്പൂർ സ്റ്റേഷൻ പരിധിയിൽവച്ച് സ്വർണം പിടിച്ച കേസിലാണ് സ്വർണം മുക്കിയതെന്ന് വെളിപ്പെടുത്തൽ.
മലപ്പുറം സ്വദേശിയായ കടത്തുകാരൻ സ്വർണം മുക്കിയ വിവരം വെളിപ്പെടുത്തിയത്. തന്റെ കയ്യിൽനിന്ന് 1300 ഗ്രാം സ്വർണ്ണം പിടിച്ചെങ്കിലും കോടതിയിലെത്തിയത് 950 ഗ്രാം മാത്രമണെന്ന് സ്വർണക്കടത്തുകാരൻ പറഞ്ഞു.വിദേശത്ത് സ്വർണം ഉപേക്ഷിച്ചെന്ന് പറഞ്ഞ് കരിപ്പൂരിൽ ഒരു യാത്രക്കാരനെതിരെ കേസ് എടുത്തെന്ന് ഇയാൾ പറയുന്നു.
2023 ഇൽ ആണ് സംഭവമെന്ന് സ്വർണക്കടത്തുകാരൻ പറഞ്ഞു. തൊണ്ടി മുതൽ ഉണ്ടായിരുന്നില്ല. ഈ യാത്രക്കാരന്റെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ സ്വർണവും പൊലീസ് മുക്കിയെന്ന് ഇയാൾ ആരോപിച്ചു. പിടിക്കുന്ന സ്വർണം കോടതിയിൽ ഹാജരാക്കുന്നത് ഉരുക്കി രൂപമാറ്റം വരുത്തിയശേഷമാണെന്ന് ഇയാൾ പറഞ്ഞു.
സ്വർണം പിടിച്ച ശേഷം പൊലീസ് രജിസ്റ്റർ ചെയ്യുന്നത് സ്വർണം കവർന്നുവെന്ന കേസാണെന്ന് കടത്തുകാരൻ വെളിപ്പെടുത്തി. സ്വർണം പിടികൂടുന്നതിൽ കസ്റ്റംസ് -പൊലീസ് ഒത്തുകളിയാണെന്ന് ഇയാൾ ആരോപിച്ചു. സ്വർണം കടത്തുന്നവരുടെ വിവരം ലഭിച്ചാൽ വിവരം കസ്റ്റംസ് പൊലീസിന് കൈമാറുന്നു.
പൊലീസ് വിമാനത്താവളത്തിന് പുറത്ത് വെച്ച് ഇവരിൽ നിന്ന് സ്വർണം പിടികൂടുന്നു. അല്ലാതെ ഇത്രയധികം സ്വർണം പൊലീസിന് പിടിക്കാനാകില്ലെന്ന് സ്വർണക്കടത്തുകാരൻ വ്യക്തമാക്കി.