
കെപിസിസി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടിയെ തള്ളാതെ കെ മുരളീധരന്‍. ഏതൊരു പ്രവര്‍ത്തകനും പാര്‍ട്ടിയെ വിജയിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ നോക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അടൂർ പ്രകാശ് ലത്തീഫിനെതിരെ പരാതി നൽകിയെന്നും കെ മുരളീധരൻ സൂചിപ്പിച്ചു. ‘സ്ഥാനാർഥി പാർട്ടി യോഗത്തിൽ പരാതി പറഞ്ഞു. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചയാളെയാണ് തിരിച്ചെടുത്തതെന്ന് സ്ഥാനാർത്ഥി ആരോപിച്ചു. പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചവരെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ലത്തീഫിനെതിരായ നടപടി സുധാകരന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും കെ മുരളീധരൻ.
എം എം ഹസ്സന്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍കാലിക ചുമതല വഹിച്ചപ്പോഴാണ് ലത്തീഫിനെ തിരിച്ചെടുത്തത്. ഈ തീരുമാനം സുധാകരന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ റദ്ദാക്കുകയായിരുന്നു. തുടർന്ന് കെ സുധാകരനെതിരെ പാർട്ടിയില്‍ അമർഷം ശക്തമാണ്. അതിനിടെയാണ് പിന്തുണച്ച് കെ മുരളീധരന്‍ രംഗത്തെത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു.

കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തിന് അന്തിമ തീരുമാനം ഹെെക്കമാന്‍ഡിന്‍റേതാണെന്ന് മുരളീധരന്‍ പ്രതികരിച്ചു.
