പാലക്കാട് വീടിന് തീവെച്ച്‌ ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും കൊല്ലാൻ ശ്രമിച്ചയാള്‍ ഞരമ്ബുമുറിച്ചനിലയില്‍

മങ്കര പുള്ളോട് വീടിനുതീവെച്ച്‌ ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്താന്‍ ശ്രമം. തീവെക്കാന്‍ ശ്രമിച്ചയാളെ കൈ ഞരമ്ബ് മുറിച്ചനിലയില്‍ ഇതേ വീടിനുപുറത്തുള്ള ശൗചാലയത്തില്‍ കണ്ടെത്തി.


കല്ലൂര്‍ പുള്ളോട് സ്വദേശി ഫാറൂഖാണ് (45) ഭാര്യ പാറയില്‍വീട്ടില്‍ നൂര്‍ജഹാനും അമ്മ മറിയയും മകന്‍ സല്‍മാന്‍ ഫാരിസും താമസിക്കുന്ന വീട് കത്തിക്കാന്‍ ശ്രമിച്ചത്. ഫാറൂഖ് ജില്ലാ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം.


വീട്ടുകാര്‍ ഉറങ്ങുന്ന സമയത്താണ് വീടിന് തീവെക്കാനുള്ള ശ്രമം നടന്നത്. ഫാറൂഖിന്റെയും നൂര്‍ജഹാന്റെയും രണ്ടാംവിവാഹമായിരുന്നെന്നും രണ്ടുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയാണെന്നും പോലീസ് പറയുന്നു. മറിയയുടെ വീട്ടിലാണ് നൂര്‍ജഹാനും മകനും താമസിക്കുന്നത്. ഈ വീട് നൂര്‍ജഹാന്റെയും ഫാറൂഖിന്റെയും പേരിലാക്കിത്തരാന്‍ ഫാറൂഖ് ആവശ്യപ്പെട്ടിരുന്നെന്നും ഇരുവരും അതിന് വിസമ്മതിച്ചിരുന്നെന്നും പറയുന്നു.

ഇതിലുള്ള വൈരാഗ്യത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയെത്തിയ ഫാറൂഖ് വാതില്‍ മുന്‍വശത്തുനിന്ന് പൂട്ടി വീടിനുചുറ്റും ഡീസലൊഴിച്ച്‌ തീയിടാന്‍ ശ്രമം നടത്തുകയായിരുന്നെന്നും പറയുന്നു. വരാന്തയുടെ പടിക്കെട്ടിന്റെ വാതിലും ഇവിടെയുണ്ടായിരുന്ന തുണികളും ആദ്യം കത്തിച്ചു.

ഡീസലിന്റെ മണം പരന്നപ്പോള്‍ ഫാരീസ് എഴുന്നേറ്റ് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും തുറക്കാനായില്ല. തുടര്‍ന്ന് ഓടുപൊളിച്ച്‌ പുറത്തിറങ്ങി. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ഫാറൂഖിനെ ഞരമ്ബുമുറിച്ച്‌ രക്തംവാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.


Sharing is Caring