പാലക്കാട് മണ്ഡലത്തില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമേശ് പിഷാരടി


പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎയുടെ കരുത്തയായ ശോഭ സുരേന്ദ്രനെതിരെ മികച്ച വിജയവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി.12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി.


എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.പല കാരണങ്ങള്‍ കൊണ്ടും ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതില്‍ നിന്നും 2011 ല്‍ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. തുടര്‍ന്ന് 2021 വരെ ഹാട്രിക് വിജയവും ഷാഫിയെ ഈ മണ്ഡലത്തില്‍ നിന്നും തേടിയെത്തി. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ഷാഫി പറമ്പില്‍ വിജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ പാലക്കാട് ജയിച്ചു.

online news portal

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് ലൈംഗികാരോപണക്കേസില്‍ പ്രതിയായതും പാർട്ടിക്കുള്ളില്‍ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.പരമ്പരാഗതമായി യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയായിരുന്നത്. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭ എന്ന ഖ്യാതി കഴിഞ്ഞ 10 വർഷമായി പാലക്കാടിനുണ്ട്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ പാലക്കാട് വന്‍ മത്സരമാണ് ഇക്കുറി ശോഭ സുരേന്ദ്രന്‍ കാഴ്ച വെച്ചത്.



Sharing is Caring