
പാരിസ് ഒളിമ്ബിക്‌സിനുള്ള ഇന്ത്യൻ സംഘത്തില്‍ ഇത്തവണയുമുണ്ട് സൈനികർ. ഉറച്ച മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഉള്‍പ്പെടെ 24 സൈനികരാണ് പാരിസില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.ഇവരില്‍ രണ്ട് വനിതകളും ഉള്‍പ്പെടുന്നു.
2004 ഏഥൻസ് ഒളിമ്ബിക്‌സ്. ആ സൈനികന്റെ തോക്കില്‍ നിന്നും ഒരു മെഡല്‍ പിറന്നു. അന്നേക്ക് നൂറ്റാണ്ട് പിന്നിട്ട ഒളിമ്ബിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത വെള്ളി മെഡല്‍. പിന്നീട് രാജ്യത്തിന്റെ കായികമന്ത്രി പദം വരെയെത്തിയ കേണല്‍ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്.

ജർമ്മൻ പട്ടാളത്തിലെ കേണല്‍ റാങ്കിംഗിനെക്കാള്‍ മഹത്വം ജന്മനാട്ടിലുണ്ടെന്ന് ഹിറ്റ്‌ലറിന്റെ മുഖത്ത് നോക്കി പറഞ്ഞ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദ് മുതല്‍ ടോക്കിയോയിലെ ചരിത്രനേട്ടത്തില്‍ മതിമറക്കാതെ ഫ്‌ലാഗ് കോഡിനനുസരിച്ച് ദേശീയ പതാക മടക്കുന്നതില്‍ ശ്രദ്ധിച്ച നീരജ് ചോപ്ര വരെ.
ഒളിമ്ബിക്‌സ് വേദിയില്‍ നമ്മുടെ അഭിമാനമായ സൈനികർ ഇക്കുറിയും മെഡല്‍ വേട്ടയ്‌ക്ക് തയ്യാറെടുത്തു കഴിഞ്ഞു.
ജാവലിൻ ത്രോയിലെ സുവർണ പ്രതീക്ഷ സുബേദാർ നീരജ് ചോപ്ര തന്നെയാണ് പാരിസിലും ഇന്ത്യയുടെ വജ്രായുധം. സ്റ്റീപ്പിള്‍ ചേസില്‍ 10 തവണ ദേശീയ തലത്തില്‍ സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തിയ നായിക് സുബേദാർ അവിനാശ് സാബ്ലേ.
ബോക്‌സിംഗില്‍ ഒന്നാം നമ്ബർ പദവിയില്‍ വരെയെത്തിയ അമിത് പാംങ്കല്‍ മുതല്‍ മലയാളിയായ അബ്ദുള്ള അബൂബക്കർ വരെയുണ്ട് സൈനിക സംഘത്തില്‍.
ഒളിമ്ബിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ സൈനികരാണ് ഹവില്‍ദാർ ജെയ്സ്മിൻ ലംബോറിയയും സിപിഒ റിതിക ഹൂഡയും. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് ജെയ്സ്മിൻ ലംബോറിയ ബോക്‌സിംഗിലാണ് മത്സരിക്കുന്നത്.
2023 ലെ ഏഷ്യൻ ഗുസ്തി ചാമ്ബ്യൻഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ സിപിഒ റിതിക ഹൂഡ ഗുസ്തിയിലും രാജ്യത്തെ പ്രതിനിധീകരിക്കും.
