‘പാതിരാത്രി’ വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” വമ്പൻ വിജയത്തിലേക്ക്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ്, പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. ഇപ്പോഴിതാ ചിത്രം നേടുന്ന സൂപ്പർ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറയുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഹരീഷിനെ അവതരിപ്പിച്ച സൗബിൻ ഷാഹിർ.


ചിത്രം നേടുന്ന വിജയത്തിലും ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകർ നൽകുന്ന പ്രതികരണത്തിലും ഏറെ സന്തോഷമുണ്ടെന്ന് സൗബിൻ പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം ചിത്രത്തിലെ ഓരോരോ മുഹൂർത്തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടും ക്ലൈമാക്സിനെ കുറിച്ച് സംസാരിച്ചു കൊണ്ടും ഒട്ടേറെ പ്രേക്ഷകരാണ് തന്നെ വിളിക്കുന്നതെന്നും, അതെല്ലാം വലിയ സന്തോഷമാണ് നൽകുന്നതെന്നും സൗബിൻ വെളിപ്പെടുത്തി. ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ഇനിയും കാണാത്തവർ പോയി കാണണം എന്നും കണ്ടവർ അഭിപ്രായങ്ങൾ മറ്റുള്ളവരോട് പറയണം എന്നും സൗബിൻ അഭ്യർത്ഥിച്ചു. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.


ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന ചിത്രം നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ഒരേ സമയം ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തിൽ സ്പർശിക്കുകയൂം ചെയ്യുന്ന ചിത്രത്തിൽ, നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ഇവർ ഓരോരുത്തരുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.


Sharing is Caring