
മൂന്നാര്‍: പാക്ഭീകരനും ഇന്ത്യന്‍ മുജാഹിദീന്‍ തലവനുമായ തെഹ്‌സീന് അഖ്തറും സിയാ ഉള്‍ റഹ്മാനെന്ന വഖാസും മൂന്നാറില്‍ തങ്ങിയത് അതിര്‍ത്തി കടന്നുള്ള ഭീകരത രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിനെന്ന ആശങ്കയെ ശരിവയ്ക്കുന്നു. രാജ്യാന്തര ഏജന്‍സികള്‍ അന്വേഷിക്കുന്ന കൊടും ഭീകരര്‍ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ തങ്ങിയെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതോടെ മുന്നാര്‍ രാജ്യമെമ്പാടും ശ്രദ്ധാകേന്ദ്രമായി. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയെ ഇപ്പോള്‍ നയിക്കുന്ന തെഹ്‌സീന്‍ ഒരാഴ്ചയും വഖാസ് അഞ്ച് മാസവുമാണ് മൂന്നാറില്‍ തങ്ങിയെന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ദേശീയ അന്വേഷണ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയില്‍ തീവ്രവാദി വേട്ട ശക്തമായതോടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യ സംസ്ഥാനങ്ങളിലേക്ക് തീവ്രവാദികള്‍ താവളമുറപ്പിക്കാന്‍ ഇടയാക്കിയത്. കേരളത്തില്‍ അടുത്തകാലത്തുണ്ടായ അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യവും തീവ്രവാദികള്‍ക്ക് കേരളം വളക്കൂറുള്ള മണ്ണാക്കിമാറ്റി. അന്യസംസ്ഥാന തൊഴിലാളികളില്‍ ബംഗ്ലാദേശ് കുടിയേറ്റക്കാരും ആസാം വിഘടനവാദികളും കടന്നുകയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായപ്പോള്‍ വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ മുറയ്ക്ക് നടന്നിരുന്നതാണ്. എന്നാല്‍ പാകിസ്ഥാനില്‍ പരിശീലനം നേടിയ കൊടും തീവ്രവാദികള്‍ കേരളം ഒളിത്താവളമാക്കുമെന്ന് അറിയുന്നത് തെഹ്‌സീനും വഖാസും പിടിയിലായതോടയാണ്. മുമ്പ് വാഗമണ്ണില്‍ നിരോധിത സംഘടനകളുടെ ക്യാമ്പ് നടന്ന വിവരം കണ്ടെത്തുകയും പ്രതികളില്‍ ചിലര്‍ പിടിയിലാകുകയും ചെയ്തിരുന്നു.
പാക് അധിനിവേശ കാശ്മീരില്‍ തീവ്രവാദക്യാമ്പുകളില്‍ പരിശീലനം നേടാന്‍ കേരളത്തില്‍ നിന്ന് യുവാക്കളെ റിക്രൂട്ട്‌ചെയ്‌തെന്നുള്ള കണ്ടെത്തല്‍ മുമ്പ് വലിയ ഞെട്ടലാണുണ്ടാക്കിയിരുന്നത്. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ തടിയന്റെവിട നസീര്‍ അടക്കമുള്ളവര്‍ പിടിയിലായപ്പോഴും തെഹ്‌സീനെപ്പോലുള്ള കൊടും ഭീകരര്‍ കേരളം താവളമാക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പോലും സംശയിച്ചിരുന്നില്ല.
