പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജി തനിക്ക് 59 എംഎല്‍എമാരുടെ പിന്തുണയെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. നിയമസഭയിലാണ് ഋതബ്രത അവകാശവാദം ഉന്നയിച്ചത്. എംഎല്‍എമാരായ അരൂപ് റോയ്, ഷിയുലി സാഹ, അഖ്‌റുസ്സമാന്‍ എന്നിവരും ഋതബ്രതയ്‌ക്കൊപ്പം സഭയിലെത്തി.
ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ആകെ 80 എംഎല്‍എമാരാണ് ടിഎംസിക്ക് ബംഗാളിലുള്ളത്. ഇതില്‍ 60 പേരുടെ ഒപ്പുകള്‍ വിമത ഗ്രൂപ്പ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ടിഎംസിക്കുള്ളിലെ പ്രതിസന്ധിയില്‍ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് കഷണങ്ങളായി തകര്‍ന്നുവെന്നും കളി തുടങ്ങിയതായും ബിജെപി മന്ത്രി തപസ് റോയ് ഫേസ്ബുക്കില്‍ കുറിച്ചു.ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിമതര്‍ക്ക് ചുരുങ്ങിയത് 54 എംഎല്‍എമാരുടെ പിന്തുണ ആവശ്യമായിട്ടുണ്ട്.
നേരത്തെ പ്രതിപക്ഷ നേതാവായി ശോഭന്‍ദേബ് ചട്ടോപാധ്യായെ നിയമിക്കാനുള്ള ഔദ്യോഗിക തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം കത്തിലെ ഒപ്പുകള്‍ വ്യാജമെന്ന് കാട്ടി ഋതബ്രതയും സന്ദീപന്‍ സാഹയും നല്‍കിയ പരാതിക്ക് പിന്നാലെ സ്പീക്കര്‍ തടഞ്ഞിരുന്നു. പിന്നാലെ ഇരുവരെയും ടിഎംസിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ 20 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്.