
ന്യൂഡല്‍ഹി: ദാദ്രി കൊലപാതകം ന്യായീകരിച്ച് ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യ. പശുവിനെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നാണ് പാഞ്ചജന്യയുടെ ന്യായീകരണം. ദി അദര്‍ സൈഡ് ഓഫ് ദ ഡിസ്‌റ്റര്‍ബന്‍സ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ആര്‍.എസ്.എസ് ദാദ്രി കൊലപാതകം ന്യായീകരിച്ചത്. വിനയ് കൃഷ്‌ണ ചതുര്‍വേദി എന്നയാളാണ് ലേഖനം എഴുതിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പശുവിനെ കൊല്ലുന്നതിനെതിനെതിരെ പൂര്‍വികര്‍ പോരാടിയിട്ടുണ്ട്. ചരിത്രത്തില്‍ തന്നെ ഇതിന് നിരവധി തെളിവുകള്‍ ലഭ്യമാണ്. പശുവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ മുസ്ലീങ്ങളുമായി നിരവധി പോരാട്ടങ്ങള്‍ നടന്നതിനും ചരിത്രത്തില്‍ തെളിവുണ്ടെന്ന് ലേഖനം പറയുന്നു. യജുര്‍വേദത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉള്‍പ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസ് പ്രസിദ്ധീകരണം ദാദ്രി കൊലപാതകത്തെ ന്യായീകരിക്കുന്നത്.
പശുവിനെ കൊന്ന പാപിയോടുള്ള സ്വാഭാവിക പ്രതികരണം എന്നാണ് ആര്‍.എസ്.എസ് പ്രസിദ്ധീകരണം ദാദ്രി സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് 80 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ മാനിക്കുന്നില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ തടയാനാകില്ലെന്നും പാഞ്ചജന്യ പറയുന്നു.
ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഉള്‍പ്പെടെ രാജ്യത്തെ എല്ലാ മുസ്ലീങ്ങളും ഹിന്ദു മതത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തിയവരാണ്. അവരുടെ പൂര്‍വികരും പശുവിനെ സംരക്ഷിക്കുന്നവരായിരുന്നുവെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. രാജ്യത്തെ വര്‍ധിച്ചുവരുന്ന അസഹിഷ്‌ണുതയ്‌ക്കെതിരെ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിക്കുന്ന എഴുത്തുകാര്‍ക്കെതിരെയും ആര്‍.എസ്.എസ് പ്രസിദ്ധീകരണം രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നു.
