മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരായ ഇഡി അന്വേഷണത്തില്‍ നടനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ സൗബിന്‍ ഷാഹിര്‍ മൊഴി നല്‍കി. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും സൗബിന്‍ ഇഡിക്ക് മൊഴി നല്‍കി.
സിനിമയുടെ നിര്‍മ്മാണത്തിനായി തന്റെ പക്കല്‍ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിര്‍മ്മാതാവാണ് പരാതി നല്‍കിയിരുന്നത്. ഏഴ് കോടി രൂപ പറവ ഫിലിംസിന് നല്‍കി.ചിത്രം ബോക്‌സോ ഓഫീസില്‍ നല്ല കളക്ഷന്‍ സ്വന്തംമാക്കിയിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സിറാജിന്റെ പരാതി.
എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ലംഘിച്ചത് പരാതിക്കാരനെന്ന് നിര്‍മ്മാതാക്കള്‍ മൊഴി നല്‍കി. ഇയാളില്‍ നിന്ന് വാങ്ങിയ ഏഴ് കോടിയില്‍ ആറര കോടിയും തിരികെ നല്‍കിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.