മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ പല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പരാജയപ്പെടുകയാണ്. മാലിന്യനിര്‍മാര്‍ജനത്തിനു പണം തടസ്സമാവരുത്. കേരളത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നു മാസങ്ങള്‍ക്കു മുമ്പു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മാലിന്യപ്രശ്‌നം ഗ്രാമ-നഗരഭേദമെന്യേ വ്യാപകമായിരിക്കുകയാണ്. മാലിന്യങ്ങള്‍കൊണ്ട് ഏറെ പ്രയാസപ്പെടുന്നത് നഗരവാസികളാണ്. നഗര മാലിന്യസംസ്‌കരണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം വളരെ പിന്നിലാണ്.
അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് മാലിന്യസംസ്‌കരണത്തിന് തടസ്സമാവുന്നത്. കഴിവുറ്റവര്‍ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിന്റെ ഭരണാധികാരിയാവുന്ന അഞ്ചു വര്‍ഷം ആ പ്രദേശത്തു മാലിന്യപ്രശ്‌നം ഉണ്ടാകാറില്ല. അവര്‍ മാറിയ ഉടന്‍ മാലിന്യപ്രശ്‌നം വീണ്ടും തലപൊക്കും. പിന്നീടു ജനം തെരുവിലിറങ്ങുന്നതും അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. പദ്ധതി നടത്തിപ്പില്‍ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇതിനു കാരണമാകുന്നത്. മാലിന്യസംസ്‌കരണപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതോ ഭൂമി കൈവശമുള്ളവര്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നതോ ആയ നടപടികള്‍ കാണുന്നില്ല.
പ്ലാന്റുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ പലതും പ്രവര്‍ത്തനരഹിതവുമാണ്. ഈര്‍പ്പമുള്ളതും അല്ലാത്തതുമായ ഏതു തരം മാലിന്യവും നിശ്ശേഷം കത്തിക്കരിക്കാന്‍ കഴിവുള്ള പ്ലാന്റുകള്‍ ഇന്നു കേരളത്തില്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍ ഈ പ്ലാന്റുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു മാര്‍ക്കറ്റ് ചെയ്യപ്പെടുകയാണ്. ഇത്തരം പ്ലാന്റുകളെക്കുറിച്ചു പഠിച്ചു മാലിന്യങ്ങളില്‍ നിന്നു നാടിനെ രക്ഷിക്കണമെന്ന താല്‍പ്പര്യം ഭരണകൂടങ്ങള്‍ക്ക് ഇല്ലാതാവുകയാണോ?
ഇത്തരം പ്ലാന്റുകള്‍ ഫഌറ്റുകളിലും ആശുപത്രികളിലും വന്‍കിട ഹോട്ടലുകളിലും മറ്റും സ്ഥാപിക്കുകയാണെങ്കില്‍ മാലിന്യപ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. മാലിന്യ സംസ്‌കരണകാര്യത്തില്‍ കേരളം പിന്നിലാണെന്നു കേന്ദ്ര ആസൂത്രണക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അധികാരികള്‍ക്കു താല്‍പ്പര്യമുണ്ടാവുകയാണെങ്കില്‍ മാലിന്യപ്രശ്‌നം ഉണ്ടാകില്ല. വേനലിന്റെ തുടക്കത്തില്‍ തന്നെ ഓടകളും മറ്റും വൃത്തിയാക്കി മലിനജലം ഒഴുകുന്നതിനുള്ള സംവിധാനം ഉണ്ടാക്കിവയ്ക്കണം. ശക്തമായ മഴ പെയ്യുന്നതിനിടയിലാണു കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഓടകള്‍ വൃത്തിയാക്കുന്നത്. ഇതു രോഗം പടന്നുപിടിക്കാന്‍ കാരണമാവുകയാണ്. മഴവെള്ളം കുത്തിയൊലിച്ചു പോവുന്നതിനിടെ സ്ലാബ് പൊട്ടി ഓടയില്‍ വീണു കഴിഞ്ഞ വര്‍ഷം രണ്ടു മരണങ്ങള്‍ സാക്ഷരകേരളത്തില്‍ ഉണ്ടായി. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു ഒരു പോലീസുകാരന്‍ അഴുക്കുചാലില്‍ വീണു ശ്വാസം മുട്ടി മരിച്ചിട്ടും അധികാരികളുടെ കണ്ണു തുറന്നില്ല എന്നതാണു സത്യം.
പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലി കുടുംബശ്രീ പ്രവര്‍ത്തകരാണു ചെയ്യുന്നത്. ഇവര്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ എത്തിച്ച് അവ തരം തിരിച്ചു ചിലത് അവിടെ വച്ചു തന്നെ കത്തിക്കുകയും മറ്റു ചിലതു പ്ലാന്റുകളില്‍ എത്തിക്കുകയും ചില മാലിന്യങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിക്കുകയും ചെയ്യുകയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വ്യാപാരികള്‍ സഹകരിക്കാറില്ലെന്നു ചില തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ആക്ഷേപിക്കുന്നുണ്ട്. മാലിന്യസംസ്‌കരണപ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഈ പ്രശ്‌നം ഉണ്ടാകാറില്ല. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലുമുള്ള അപാകതയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് അവിടെ വ്യക്തമാവുകയാണ്.
ചില സ്ഥലങ്ങളില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ കാക്കയും മറ്റും വന്നു കൊത്തിയെടുത്തു സമീപത്തെ കിണറുകളില്‍ കൊണ്ടിടുന്നു. കാറ്റടിക്കുമ്പോള്‍ ഇവിടെ നിന്നു ദുര്‍ഗന്ധം രൂക്ഷമാവുന്നു. രോഗപ്രതിരോധം കൂടി ലക്ഷ്യമിട്ടുള്ള മാലിന്യസംസ്‌കരണ സംവിധാനമാണു നമുക്കാവശ്യം. ആധുനികടെക്‌നോളജി ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാവുകയും പൊതുജനത്തെ മഴക്കാലരോഗങ്ങളില്‍ നിന്നു രക്ഷിക്കുകയും വേണം. ഇനിയെങ്കിലും അധികാരികളുടെ സത്വരശ്രദ്ധ ഈ വിഷയത്തില്‍ പതിയേണ്ടിയിരിക്കുന്നു.