ലോറി ഉടമ മനാഫിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നതായി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ കുറ്റപ്പെടുത്തി. അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നു. ഇതില്‍ നിന്ന് മനാഫ് പിന്മാറണം.
പല കോണുകളില്‍ നിന്ന് ഞങ്ങളെ സഹായിക്കാനെന്ന വ്യാജേന ഫണ്ട് ശേഖരിക്കുന്നു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്തടിസ്ഥാനത്തിലാണ് മനാഫ് പറയുന്നത്. ചില വ്യക്തികള്‍ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുന്നു. ആ ഫണ്ട് ഞങ്ങള്‍ക്ക് വേണ്ട. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്.
ചിലര്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ടുവരുന്നു. മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
എസ് പിയും എം എല്‍ എയും മനാഫിനെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതു സമൂഹത്തിന് മുമ്പില്‍ തങ്ങളുടെ കുടുംബത്തെ പരിഹാസ്യരാക്കുന്ന നിലപാടുമായി ഇനിയും മുന്നോട്ടു പോയാല്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും.
അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി കുടുംബം പറഞ്ഞു. തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാവര്‍ക്കും നന്ദിയുണ്ട്. സംഭവം നടന്ന അന്ന് മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നു.
അര്‍ജുന്റെ പിതാവ് പ്രേമന്‍, മാതാവ് ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും ജിതിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.