പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കും. വകുപ്പ്തല പ്രാഥമിക അന്വേഷണവും തുടങ്ങി.
പോലീസ് പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് ആരോപിച്ച് വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തത്. പോലീസിനെതിരെ മരിച്ച രതിൻ്റെ കുടുംബം രംഗതെത്തി. പൊതു സ്ഥലത്ത് രണ്ട് പെൺകുട്ടികളോട് സംസാരിച്ചാൽ ഭീഷണിപ്പെടുത്തുകയാണോ വേണ്ടത് എന്ന് സഹോദരി രമ്യ ചോദിച്ചു. നാട്ടിൽ മോശം അഭിപ്രായം ഉള്ള ആളല്ല രതിൻ എന്നും പോലീസ് രതിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും രമ്യ ആരോപിച്ചു.വീഡിയോയിൽ ചുണ്ടിൽ പൊട്ടൽ ഉള്ളതായി കാണുന്നു. പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞതോടെ ഭയന്നാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടികളോട് സംസാരിച്ചത് ആളുകൾ കാണുന്ന സ്ഥലത്ത് വച്ചാണ്. അതിൽ എന്താണ് തെറ്റ് എന്നും രമ്യ ചോദിക്കുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് രതിനെ ഉപദ്രവിച്ചത് എന്ന് അമ്മ ശാരദ പറഞ്ഞു.
രതിനെതിരെ പെറ്റി കേസ് രജിസ്റ്റർ ചെയ്ത കാര്യം പോലീസ് മറച്ചുവെച്ചു എന്ന് അമ്മാവൻ മോഹനൻ ആരോപിച്ചു.ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച വീഡിയോ സന്ദേശം അധികം പ്രചരിപ്പിക്കേണ്ട എന്ന് പോലീസ് പറഞ്ഞു. ഇത് എന്തോ ഒളിച്ചുവയ്ക്കാൻ വേണ്ടിയാണ്. പോലീസും നാട്ടുകാരും രതിനെ ഉപദ്രവിച്ചിട്ടുണ്ട്. ഇതിൽ ശക്തമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.