പത്മരാജൻ അവാർഡുകള്‍ സമ്മാനിച്ചു

സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. പത്മരാജന്‍റെ അപരനിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടൻ ജയറാമാണ് അവാർഡുകൾ സമ്മാനിച്ചത്.

മികച്ച സംവിധായകനും തിരക്കഥയ്ക്കുമുളള അവാർഡ് ‘ആട്ടം’ സ്വന്തമാക്കി. സംവിധായകൻ ആനന്ദ് ഏകർഷിക്കാണ് അവാർഡ്. നോവൽ പുരസ്കാരം ജി.ആർ. ഇന്ദുഗോപന്‍റെ ‘ആനോ’ യും ചെറുകഥാപുരസ്കാരം ഉണ്ണി. ആറിന്‍റെ അഭിജ്ഞാനവും സ്വന്തമാക്കി. മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ് എം.പി. ലിപിൻ രാജിന് സമ്മാനിച്ചു. ലിപിൻ രാജിന്‍റെ ആദ്യ നോവലായ ‘മാർഗരീറ്റ’ ആണ് അവാർഡിനർഹമായത്.

ബോയിംഗ് വിമാനത്തിന്‍റെ ടെയിലിന്‍റെ ആകൃതിയിൽ ക്രിസ്റ്റലിൽ രൂപകല്പന ചെയ്ത അവാർഡ് ശില്പവും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഇഷ്ടമുളള ഡെസ്റ്റിനേഷനിലേക്ക് പറക്കാനുളള ടിക്കറ്റുമടങ്ങുന്നതാണ് ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ്. എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ ഓരോ വിമാനത്തിനും സവിശേഷമായ ടെയിൽ ആർട്ടാണുളളത്. എക്സ്പ്രസ്സിന്റെ ഏറ്റവും പുതിയ ബോയിഗ് വിമാനങ്ങളിലൊന്നായ VT- BXA യുടെ ടെയിലാർട് ഗുജറാത്തിലെ ‘ബാന്ദിനി’ വസ്ത്ര ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുളളതാണ്. ഇതേ മാതൃകയിലാണ് അവാർഡ് ശില്പവും.

കേരളത്തിലെ പറന്നുയരുന്ന യുവ എഴുത്തുകാർക്ക് ഒരു പ്രോത്സാഹനമെന്ന നിലയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഏർപ്പെടുത്തിയതാണ് ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ്. എല്ലാ വർഷവും പത്മരാജൻ അവാർഡുകള്‍ക്കൊപ്പം എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കാണ് ഈ അവാർഡ് നൽകുക.

ചലച്ചിത്രപുരസ്‌കാരങ്ങള്‍ ശ്യാമപ്രസാദിന്‍റെ നേതൃത്വത്തിലുള്ള ജൂറിയും സാഹിത്യപുരസ്‌കാരങ്ങൾ വി.ജെ. ജെയിംസിന്‍റെ നേതൃത്വത്തിലുള്ള ജൂറിയുമാണ് നിർണയിച്ചത്.

നൊസ്റ്റാള്‍ജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പത്മരാജന്‍റെ തിരക്കഥയായ ദേശാടന കിളി കരയാറില്ലയുടെ പുതിയ പതിപ്പിന്‍റെ പ്രകാശനവും ചടങ്ങിൽ നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *