
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പത്മജയുമായി ഇനി തനിക്ക് സഹോദരി എന്ന നിലയില്‍ പോലും യാതൊരു ബന്ധവുമില്ലെന്ന് കെ മുരളീധരന്‍. പത്മജയെ എടുത്തതുകൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിയ്ക്ക് കിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി പത്മജയ്ക്ക് എന്നും നല്ല പരിഗണനയാണ് നല്‍കിയിരുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് വിടാനുള്ള പത്മജയുടെ തീരുമാനം ചതിയാണ്. ഒരിക്കലും അംഗീകരിക്കാനാകാത്തതുമാണ്. പാര്‍ട്ടിയില്‍ നിന്ന് അവഗണനയുണ്ടായെന്നും കാല് വാരാന്‍ ശ്രമിച്ചെന്നും പറയുന്നത് ശ്രദ്ധയില്‍പ്പെട്ടു.

എന്നാല്‍ അതൊന്നും ശരിയല്ലെന്നും കോണ്‍ഗ്രസ് എന്നും നല്ല പരിഗണനയാണ് പത്മജയ്ക്ക് നല്‍കിയിട്ടുള്ളതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന സാഹചര്യത്തില്‍ പോലും കെ കരുണാകരന്‍ വര്‍ഗീയതയോട് സന്ധി ചെയ്തിട്ടില്ല. ജയിക്കുന്ന സീറ്റുകളിലാണ് പാര്‍ട്ടി പത്മജയെ മത്സരിപ്പിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.
52,000 വോട്ടിന് യുഡിഎഫ് ജയിച്ച മുകുന്ദപുരത്ത് 2004ല്‍ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011ല്‍ തേരമ്പില്‍ രാമകൃഷ്ണന്‍ 12,000 വോട്ടിന് ജയിച്ച സീറ്റിലും പത്മജ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആയിരം വോട്ടിന് തോറ്റെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
