ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും.കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് ജില്ലാ കളക്ടറെ നേരില്‍ കണ്ട് സമര പ്രഖ്യാപന നോട്ടീസ് നല്‍കും. എന്നുവരെ ഹോട്ടലുകള്‍ അടച്ചുള്ള പ്രതിഷേധം തുടരുമെന്ന് വ്യക്തമല്ല.പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ (FSSAI) ഹോട്ടലുകളില്‍ ചിക്കൻ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണം.
എഫ്‌എസ്‌എസ്‌എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ ആരോപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലായി 12 ഇടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ആലപ്പുഴയില്‍ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്. നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ആലപ്പുഴ ജില്ലയില്‍ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. കൂടുതല്‍ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ദേശാടന പക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുതെന്ന് കർശന നിർദേശം നല്‍കിയിട്ടുണ്ട്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രമാണ് ഉപയോഗിക്കേണ്ടത്.രോഗബാധിത പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവില്‍ കർശന നിരീക്ഷണം ഏർപ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാൻ കർശന ജാഗ്രതാ നിർദേശമാണ് അധികൃതർ നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന മാർഗനിർദേശങ്ങള്‍ എല്ലാവരും പാലിക്കണം.
സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്‌ഒപി), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കി.പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ജില്ലാതല കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകളും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാൻ അധികൃതർ നിർദേശം നല്‍കി. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തിവരുന്നുണ്ട്. തൊഴിലിന്റെ ഭാഗമായി പച്ചമാംസം കൈകാര്യം ചെയ്യുന്നവർ തീർച്ചയായും മാസ്‌ക് ധരിക്കണമെന്ന് നിർദേശമുണ്ട്.













