ന്യൂസീലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്ബരയില്‍ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചന.2026ലെ ട്വന്റി-20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് സെലക്ടർമാരുടെ ഈ നീക്കം.ഏകദിന പരമ്ബരയില്‍ നിന്ന് വിശ്രമം നല്‍കുമെങ്കിലും കിവീസിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്ബരയില്‍ ഇരുവരും കളിച്ചേക്കും.
ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന ട്വന്റി-20 പരമ്ബരയായത് കൊണ്ട് ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കാൻ മുതിർന്ന താരങ്ങളുടെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് ബിസിസിഐ വിലയിരുത്തല്‍. 2023 ഏകദിന ലോകകപ്പിന് ശേഷം ബുംറയും, ഈ വർഷം മാർച്ചില്‍ നടന്ന ചാമ്ബ്യൻസ് ട്രോഫിക്ക് ശേഷം ഹാർദിക്കും ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം, പരിക്കിനെത്തുടർന്ന് വിട്ടുനിന്ന ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്താനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ അയ്യർ നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ താരം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.ജനുവരി മൂന്ന്, ആറ് തീയതികളില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ടൂർണമെന്റില്‍ മുംബയ്ക്കായി ശ്രേയസ് കളിച്ചേക്കും.
ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും താരത്തെ ന്യൂസീലൻഡിനെതിരെയുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സെലക്ടർമാർ അന്തിമമായി തീരുമാനിക്കുക. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ജനുവരി ആദ്യവാരം ടീമിനെ പ്രഖ്യാപിക്കും. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്ബരയിലുള്ളത്. ആദ്യ ഏകദിനംജനുവരി 11ന് വഡോദരയിലാണ് നടക്കുന്നത്.













