സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള പി വി അൻവർ എംഎൽഎയുടെ നിർണ്ണായക കൂടികാഴ്ച്ച ഇന്ന്. ഇന്ന് രാവിലെ 8:30 ന് പാർട്ടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ വെച്ചാണ് കൂടിക്കാഴ്ച. അൻവർ കേരള പൊലീസിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉയർത്തിയ ആരോപണ വിഷയങ്ങളിൽ പാർട്ടിക്കും തെളിവുകൾ കൈമാറാനാണ് എം വി ഗോവിന്ദനെ കാണുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും അൻവർ പരാതി എഴുതി നൽകും, പൊലീസ് സേനയിലെ ക്രമക്കേടുകളിൽ ഇടപെടാൻ പാർട്ടിയോട് ആവശ്യപ്പെടും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം സമാന വിഷയങ്ങളിൽ പാർട്ടി സെക്രട്ടറിയെ കാണുമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്നലെ പാർട്ടി സെക്രട്ടറി തലസ്ഥാനത്തില്ലാത്തതിനാലാണ് ഇന്നലെ കൂടിക്കാഴ്ച നടക്കാതിരുന്നത്.
അതേ സമയം പി വി അൻവറിന് പൂർണ പിന്തുണയുമായി കെ ടി ജലീലും രംഗത്തെത്തിയിരുന്നു. ഇരുവരും ഇന്നലെ വീണ്ടും കൂടിക്കാഴ്ച്ച നടത്തി. തുടർനടപടികളെടുക്കേണ്ട കാര്യത്തിൽ ഇരുവരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി എന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട അൻവർ വിശദമായ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുകയും പ്രധാന കാര്യങ്ങൾ എഴുതികൊടുക്കുകയും ചെയ്തിരുന്നു. തന്നെ ഉത്തരവാദിത്തം തീരുന്നുവെന്നും ബാക്കിയെല്ലാം സർക്കാരും പാർട്ടിയും തീരുമാനിക്കട്ടെ എന്നും അൻവർ പ്രതികരിച്ചിരുന്നു.