മലയാളികളുടെ പ്രിയതാരം നിവിൻ പോളി തന്റെ സ്വാഭാവികമായ വിജയ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്ന സൂചനകള്‍ നല്‍കി ‘സർവ്വം മായ’ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു.സമീപകാലത്ത് താരത്തിന്റെ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വലിയ മുന്നേറ്റം നടത്താൻ സാധിച്ചിരുന്നില്ലെങ്കിലും, പുതിയ ചിത്രം ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചിത്രം ഇതിനോടകം ആഗോളതലത്തില്‍ 50.25 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമായി 26.2 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്.ഇതിനു പുറമെ വിദേശ വിപണികളില്‍ നിന്നും ഗംഭീരമായ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശത്തു നിന്ന് മാത്രം 24.05 കോടി രൂപ ‘സർവ്വം മായ’ സ്വന്തമാക്കി.

ഒരു സിനിമയുടെ ബോക്സ് ഓഫീസ് വിധി നിശ്ചയിക്കുന്ന നിർണ്ണായകമായ ആദ്യ തിങ്കളാഴ്ചയിലെ കളക്ഷനിലും ചിത്രം തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തില്‍ നിന്ന് മാത്രം തിങ്കളാഴ്ച 4.25 കോടി രൂപയാണ് ചിത്രം നേടിയത്.പാച്ചുവും അത്ഭുതവിളക്കും’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖില്‍ സത്യൻ ഒരുക്കിയ ഈ ചിത്രം നിവിൻ പോളിയുടെ സ്വാഭാവിക നർമ്മത്തിനാണ് മുൻഗണന നല്‍കുന്നത്. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന പഴയ നിവിൻ പോളിയെ ഈ ചിത്രത്തിലൂടെ തിരികെ ലഭിക്കുമെന്ന സിനിമാ പ്രേമികളുടെ പ്രതീക്ഷകള്‍ ഫലം കണ്ടുവെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
കൂടാതെ മലയാള സിനിമയിലെ ഹിറ്റ് കോമ്ബോ ആയ നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.നിവിൻ പോളിയെ കൂടാതെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അല്‍താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖില്‍ സത്യനും രതിൻ രാധാകൃഷ്‍ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.












