
കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിയതായി മന്ത്രി പറഞ്ഞു. കേസുൾപ്പെടെയുള്ള നടപടികളെടുക്കുന്നത് പൂർത്തിയാക്കിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച് പിന്നീട് ആലോചിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കൊയിലാണ്ടിയിൽ എത്തി കുടുംബങ്ങളെ സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും. വനം വകുപ്പ് സിസിഎഫിൻ്റെയും കോഴിക്കോട് എഡിഎമ്മിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

