നയന മനോഹരം ;ചീയപ്പാറ വെള്ളച്ചാട്ടം

മലമുകളില്‍ നിന്നും ഏഴുതട്ടുകളിലായി പതഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടം. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളം. വര്‍ഷകാലമെത്തുന്നതിന് മുന്‍പ് തന്നെ നയന മനോഹരമായിരിക്കുകയാണ് നേര്യമംഗലം ചീയപ്പാറ വെള്ളച്ചാട്ടം. മഴ ശക്തി പ്രാപിച്ചതോടെ മല മുകളില്‍ നിന്നും പാറക്കെട്ടുകളിലുടെ ഒഴുകി വരുന്ന ചീയപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്.

ഹൈറേഞ്ചിന്റെ കുളിരു തേടി കൊച്ചി  ധനുഷ്‌കോടി ദേശീയ പാത വഴി വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ നേര്യമംഗലം കഴിഞ്ഞാല്‍ ഈ നയന മനോഹര വെള്ളച്ചാട്ടത്തിനരികെ നിര്‍ത്താതെ പോകില്ല.  കാലവര്‍ഷമെത്താന്‍ ഏതാനും ദിവസം മുമ്പെ ചീയപ്പാറ വെള്ളച്ചാട്ടം സജീവമായി.

തട്ടുതട്ടായി താഴേക്ക് പതിക്കുന്നുവെന്നതും ജലപാതത്തിന്റെ ഒത്ത താഴെ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാമെന്നതുമാണ് ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഏഴ് തട്ടുകളും വ്യക്തമായി വേര്‍തിരിച്ച് കാണാന്‍ കഴിയും. ഭാഗ്യമുണ്ടെങ്കില്‍ ഇതിലൂടെയുള്ള യാത്രക്കിടെ സഞ്ചാരികള്‍ക്ക് കാട്ടുമൃതങ്ങളേയും പക്ഷികളേയും കാണുവാന്‍ സാധിക്കും. 

കാലവര്‍ഷം കനക്കുന്നതോടെ ചീയപ്പാറ കൂടുതല്‍ മനോഹരമാകും. ദേശിയപാതയിലൂടെ മൂന്നാറിലേക്ക് കടന്നു പോകുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും കാടിന് നടുവിലെ പാറക്കെട്ടില്‍ വെള്ളിവര തീര്‍ക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും മാത്രമെ കടന്നു പോകാറുള്ളു. ജലപാതത്തിന് ചുറ്റുമുള്ള കാട് തീര്‍ക്കുന്ന ഭംഗിയും വര്‍ണ്ണനാതീതമാണ്.

ചീയപ്പാറക്ക് പുറമെ വാളറയും ആറ്റുകാടും ശ്രീനാരായണപുരവുമടക്കമുള്ള ഹൈറേഞ്ചിലെ മറ്റ് വെള്ളച്ചാട്ടങ്ങള്‍ക്കും വേനല്‍മഴ ജീവന്‍ നല്‍കി കഴിഞ്ഞു.

എങ്ങനെ എത്താം

ആലുവ -മൂന്നാര്‍ റോഡില്‍, മൂന്നാറില്‍ നിന്നും 42 കി.മീ. ദൂരെ.

നേര്യമംഗലം – അടിമാലി ദേശീയപാതയിലൂടെ 20 കിലോമീറ്റർ മൂന്നാർ പാതയിൽ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ആലുവ  (108 കീ. മീ.), അങ്കമാലി : 109 കി.മീ. 

അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, മുന്നാറില്‍ നിന്നും 108 കി.മീ. ദൂരെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *