52 വയസ്സുകാരിയുടെ നട്ടെല്ലിലെ അതിസങ്കീര്‍ണ വളവു നേരെയാക്കി തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. എഴുന്നേറ്റ് നില്‍ക്കുവാനോ നടക്കുവാനോ സാധിക്കാത്ത വിധം വീല്‍ ചെയറിലായിരുന്ന കൊട്ടാരക്കര സ്വദേശിനിയിലെ ‘അപ്പർ തൊറാസിക് കൈഫോസ്‌കോളിയോസിസ്’ എന്ന രോഗാവസ്ഥയാണ് 14 മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണ ശസ്ത്രക്രിയയ്ക്കൊടുവില്‍ പരിഹരിച്ചത്. അസ്വാഭാവികമാം വിധം അകത്തേക്കും വശത്തേക്കും നട്ടെല്ല് വളഞ്ഞു പോകുന്ന അപൂര്‍വ രോഗാവസ്ഥയാണ് കൈഫോസ്‌കോളിയോസിസ്. ഇതുമൂലം രോഗിയുടെ ഇരു കാലുകളുടേയും ചലനശേഷി നഷ്ടപ്പെട്ട് തളർന്നുപോകുകയായിരുന്നു.
രോഗലക്ഷണങ്ങള്‍ നേരത്തേ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അപകടസാധ്യതകളുണ്ടായേക്കാമെന്ന ഭയത്തില്‍ ശസ്ത്രക്രിയ വേണ്ടന്നുള്ള നിലപാടിലായിരുന്നു രോഗി. നാഡികളില്‍ നിന്നും ത്വക്കില്‍ നിന്നും ട്യൂമറുകള്‍ വളര്‍ന്നു വരുന്ന ന്യൂറോഫിബ്രോമാറ്റോസിസ് എന്ന ജനിതക വൈകല്യവും രോഗിയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ വഷളാക്കി. കാലക്രമേണ നട്ടെല്ല് കൂടുതല്‍ വളയുകയും കാലുകളുടെ ബലം നഷ്ടപ്പെട്ട് ശരീരം തളരുകയും ഒപ്പം മലമൂത്ര വിസര്‍ജ്ജനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തപ്പോഴാണ് കിംസ്‌ഹെല്‍ത്തിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സ്‌പൈന്‍ സര്‍ജ്ജന്‍ ഡോ. രഞ്ജിത് ഉണ്ണികൃഷ്ണന്റെ അടുക്കലെത്തുന്നത്.
രോഗിയുടെ എല്ലുകളുടെ ആരോഗ്യം, കശേരുക്കളില്‍ സ്‌ക്രൂ ചെയ്യുന്നതിലുള്ള വെല്ലുവിളി, അനസ്‌തേഷ്യ മൂലം ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ തുടങ്ങി മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന നിരവധി ഘടകങ്ങള്‍ നിലനില്‍ക്കെ ശസ്ത്രക്രിയയുടെ അനിവാര്യത രോഗിയെ മനസ്സിലാക്കി പോസ്റ്റീരിയര്‍ വെര്‍ട്ടെബ്രല്‍ കോളം റിസക്ഷൻ (പിവിസിആര്‍) ശസ്ത്രക്രിയയും ഒപ്പം നട്ടെല്ലിലെ വളവ് നിവര്‍ത്തുന്നതിനുള്ള കറക്ഷന്‍ ശസ്ത്രക്രിയും നിര്‍ദേശിക്കുകയായിരുന്നു. നെഞ്ച് തുറന്നുള്ള പരമ്പരാഗത രീതിക്ക് പകരമായി പുറം വശത്ത് കൂടി നട്ടെല്ലിലെ തള്ളിനില്‍ക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യുകയും നട്ടെല്ലിനെ ബലപ്പെടുത്തി ടൈറ്റാനിയം റോഡുകളും കേജുകളുമുപയോഗിച്ച് സ്‌പൈനല്‍കോളം പുനര്‍നിര്‍മിക്കുന്നതായിരുന്നു 14 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ.
10 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗി നടന്ന് തുടങ്ങി. നട്ടെല്ലുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടുന്നതാണ് ഉചിതമെന്നും ഓരോ ദിവസം വൈകുന്തോറും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകള്‍ വര്‍ദ്ധിക്കുമെന്ന് ഡോ. രഞ്ജിത് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജേക്കബ് ജോണ്‍ തിയോഫിലസ്, ഓര്‍ത്തോപീഡിക് സര്‍ജ്ജനുമാരായ ഡോ. അശ്വിന്‍ സി നായര്‍, ഡോ. അനൂപ് ശിവകുമാര്‍, ഡോ. പ്രതീപ് മോനി വി ബി, ഡോ. ജെറി ജോണ്‍, എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.