
ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്കും സിപിഐഎമ്മിനും ആശ്വാസം. ദേവികുളം തിരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി ശരിവെച്ചു. എ രാജയ്ക്ക് എംഎൽഎ ആയി തുടരാം. തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി. എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
1950ന് മുമ്പ് കുടുംബം കുടിയേറിയതിന് രാജ നല്കിയ രേഖ കോടതി അംഗീകരിച്ചു. എംഎൽഎ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ദേവികുളം തിരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എ രാജയുടെ ഹർജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി . ജഡ്ജിമാരായ എ അമാനുള്ള, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാർ നൽകിയ ഹർജിയിലാണ് എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയത്. രാജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നാണ് യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ വാദം.

സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജ അയോഗ്യനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ എ രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തന്റെ മുത്തശ്ശി പുഷ്പം 1950ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്‍റേഷൻ കമ്പനിയുടെ രേഖയും കേസിൽ നിർണായകമായി.
