
തൊഴില്‍സ്ഥലത്തെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ശശി തരൂര്‍ എംപി. ഇത്തരം കുറ്റവാളികള്‍ക്കു കര്‍ശനമായ ശിക്ഷയും പിഴയും നല്‍കണമെന്നും അദേഹം പറഞ്ഞു.
മനുഷ്യാവകാശങ്ങള്‍ ജോലിസ്ഥലത്ത് അവസാനിക്കുന്നില്ലെന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും തരൂര്‍ അറിയിച്ചു.ജോലിഭാരവും തൊഴില്‍ സമ്മര്‍ദവും മൂലം അകാലത്തില്‍ മരിച്ച യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു തരൂരിന്റെ പ്രതികരണം.

അന്നയുടെ പിതാവുമായി നടത്തിയ സംസാരം വൈകാരികവും ഹൃദയഭേദകവുമായിരുന്നെന്നു എക്‌സില്‍ തരൂര്‍ എഴുതി.
