തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള സൈനിക ആയുധപ്പുരയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കവര്‍ച്ച ചെയ്യപ്പെട്ടു. സെക്കന്തരാബാദ് കന്റോണ്‍മെന്റിലെ ബൊല്ലാരത്ത് പ്രവര്‍ത്തിക്കുന്ന മദ്രാസ് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലിന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആയുധ സംഭരണ കേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
അതേ സമയം , രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാല്‍ സൈന്യം സ്വന്തം നിലയിലും അന്വേഷണം നടത്തും.നാല് അത്യാധുനിക എകെ-203 അസോള്‍ട്ട് റൈഫിളുകള്‍, ഒരു ഇന്‍സാസ് റൈഫിള്‍, ആറ് 9 എംഎം പിസ്റ്റളുകള്‍, ഒരു സിവിലിയന്‍ പിസ്റ്റള്‍ എന്നിവയുള്‍പ്പെടെ 12 തോക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിന് പുറമെ രാത്രി കാഴ്ച സാധ്യമാക്കുന്ന അത്യാധുനിക ബൈനോക്കുലര്‍, 21 മാഗസിനുകള്‍, 1,800-ലധികം റൗണ്ട് വെടിയുണ്ടകള്‍ എന്നിവയും കവര്‍ന്നിട്ടുണ്ട്. നഷ്ടപ്പെട്ട ആയുധങ്ങള്‍ക്ക് വിപണിയില്‍ ഏകദേശം 15 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു












