തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഐഎമ്മിൽ ആവശ്യം. മുൻ പ്രസിഡൻ്റിൻ്റ അഴിമതി അന്വേഷിക്കണം എന്നാണ് ജില്ലാ കമ്മിറ്റിയിൽ ആവശ്യം ഉയർന്നത്. സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് ആവശ്യം ഉന്നയിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിമതിയും തെറ്റായ പ്രവണതകളുമാണ് നടന്നതെന്നും മുൻ വൈസ് പ്രസിഡന്റ് പറഞ്ഞു.
മുൻ ഭരണസമിതിയുടെ അഴിമതി പലതവണ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും ഒരു നടപടിയും പാർട്ടി നേതൃത്വം സ്വീകരിച്ചില്ലെന്നും മുൻ വൈസ് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. പരിശോധിച്ചാൽ പുതിയ ഭരണ സമിതിക്ക് അഴിമതി ബോധ്യമാകും. ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് മുൻ വൈസ് പ്രസിഡന്റ് ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആസ്ഥാന കാര്യാലയത്തിൽ പല തെറ്റായ കാര്യങ്ങളും നടന്നുവെന്ന് മുൻ വൈസ് പ്രസിഡന്റ് ആരോപിച്ചു.

എന്നാൽ ആവശ്യത്തോട് ജില്ലാ സെക്രട്ടറി വി. ജോയി പ്രതികരിച്ചില്ല. ജില്ലാ പഞ്ചായത്തിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നായിരുന്നു വി.ജോയ് പ്രതികരിച്ചത്. ജില്ലാ പഞ്ചായത്തിൽ തമ്മിലടി മൂലമാണ് ചില ഡിവിഷനുകളിൽ തിരിച്ചടി നേരിട്ടതെന്ന റിപ്പോർട്ടുകൾ നേരത്തെ ഉയർന്നിരുന്നു.
ഇന്നലെ നടന്ന ജില്ലാ കമ്മിെറ്റി യോത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും വിമർശനം ഉയർന്നു. വർഗീയ പരാമർശം ആവർത്തിക്കുന്ന വെള്ളാപ്പള്ളിയെ പിന്തുണച്ചാൽ ഇനിയും തിരിച്ചടി ഉണ്ടാകും. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യത്തിന് ഇറങ്ങിയ വെള്ളാപ്പള്ളിയാണ് വർഗീയ വിഭജനത്തിന് തുടക്കം കുറിച്ചതെന്നും വിമർശനം ഉയർന്നു.












