തിരുമല ക്ഷേത്രം: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്വത്ത് മോഹിച്ച്: കുമ്മനം

എറണാകുളം തിരുമല ക്ഷേത്രം കയ്യടക്കാനുള്ള കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്വത്ത് മോഹിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കഴുകന്റെ മനോഭാവത്തോടെയാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്രം നന്നാക്കലാണ് ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശ്യമെങ്കില്‍ കാടും പടലും കയറി മോശം സ്ഥിതിയിലുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ചെയ്യേണ്ടത്.

300 വര്‍ഷം മുമ്പ് ഗോവയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഇവിടെയെത്തിയ ഗൗഡസാരസ്വത ബ്രാഹ്മണരാണ് ക്ഷേത്രമുണ്ടാക്കിയത്. അവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡിന്റെയും സര്‍ക്കാറിന്റെയും നടപടി. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തിന്‍മേലുള്ള ലംഘനമായേ ഇതിനെ കാണാനാകൂ. ഇതിനുമുമ്പും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള അവരുടെ പല സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കച്ചവടക്കണ്ണാണ് ഇതിന് പിന്നില്‍.
രാഷ്ട്രീയക്കാരാണ് ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത്. അവര്‍ ക്ഷേത്ര ഭരണം ഏറ്റെടുക്കുന്നത് ഭക്തജനങ്ങളുടെ വികാരം വ്രണപ്പെടുത്തലാണ്.

മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ബോര്‍ഡിന്റെയും സര്‍ക്കാറിന്റെയും നടപടിയെ ശക്തമായി ബിജെപി എതിര്‍ക്കും. മൂന്നാറിലെ കുരിശ് നീക്കിയപ്പോള്‍ മതവികാരങ്ങളെക്കുറിച്ച് പറഞ്ഞവര്‍ തിരുല ക്ഷേത്രം വിഷയത്തില്‍ മിണ്ടാത്തതെന്തേയെന്നും കുമ്മനം ചോദിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ എറണാകുളം തിരുമല ക്ഷേത്രം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ഭാരവാഹികളായ ടി. രംഗദാസ പ്രഭു, അഡ്വ. റാം നാരായണ്‍ പ്രഭു, ബിജെപി നേതാക്കളായ എന്‍.കെ. മോഹന്‍ദാസ്, എന്‍.പി. ശങ്കരന്‍ കുട്ടി, സി.ജി. രാജഗോപാല്‍, കൗണ്‍സിലര്‍ സുധാ ദിലീപ്, ജിഎസ്ബി വികാസ് പരിഷത്ത് നേതാവ് സഞ്ജ് പൈ, ആര്‍.രത്‌നാകര ഷേണായ്, കെ.ജി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ കുമ്മനവുമായി ചര്‍ച്ച നടത്തി.

You may also like ....

Leave a Reply

Your email address will not be published.