തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്


തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്. ഉടന്‍ രാജിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഡല്‍ഹിയിലെത്തിയ അണ്ണാമലൈ പാര്‍ട്ടി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടു. അണ്ണാമലൈയെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.


ബിജെപിയുമായി നല്ല നിലയില്‍ വേര്‍പിരിയാനാണ് താല്‍പര്യമെന്നും ഇനി സ്വന്തം വഴിക്ക് മുന്നോട്ടു പോകാനാണ് പദ്ധതിയെന്നും നിതിന്‍ നബിന്‍, പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരെ കണ്ട് അണ്ണാമലൈ അറിയിച്ചിട്ടുണ്ട്. ബിജെപിയില്‍ തനിക്ക് ഇനി അവസരങ്ങളോ മികച്ച ഭാവിയോ ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിലാണ് അണ്ണാമലൈയുടെ നീക്കം. ആകെയുള്ള 234 സീറ്റുകളില്‍ വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് നേടാനായത്.

online news portal

സ്വന്തം പാര്‍ട്ടി രൂപീകരിച്ച്‌ മുന്നോട്ട് പോകാനാണ് അണ്ണാമലൈ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം. ഇതിന് മുന്നോടിയായി ”ഞങ്ങളുടെ നേതാവേ, വരൂ ഞങ്ങളെ നയിക്കൂ” എന്ന മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകള്‍ ചെന്നൈ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈക്ക് ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. പെട്ടെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് പകരം, ആദ്യം ഒരു ജനകീയ മുന്നേറ്റം ആരംഭിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

നിലവില്‍ അണ്ണാമലൈ നടത്തിവരുന്ന ‘വി ദി ലീഡേഴ്സ്’ കൂട്ടായ്മ ഇതിനായി പ്രയോജനപ്പെടുത്തിയേക്കും.നേതൃത്വവുമായുള്ള ഭിന്നത കാരണം അടുത്ത കാലത്തായി കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ നിന്ന് അണ്ണാമലൈ അകലം പാലിക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നിരുന്നു. സിബിഎസ്‌ഇ ത്രിഭാഷാ പദ്ധതി നിശ്ചയിച്ചതിലുംമുമ്പ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം കേന്ദ്രത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ് നേടിയ വലിയ വിജയത്തിന് പിന്നാലെ രണ്ട് പ്ലാനുകള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ അണ്ണാമലൈ അവതരിപ്പിച്ചു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അടുത്ത ഏഴു കൊല്ലത്തേക്ക് സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുഴുവന്‍ നിയന്ത്രണവും തനിക്ക് തരിക അല്ലെങ്കില്‍ മറ്റ് രാഷ്ട്രീയ മാര്‍ഗം സ്വീകരിക്കാന്‍ അനുവാദം നല്‍കുക എന്നീ ആവശ്യങ്ങളാണ് അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നത്.



Sharing is Caring