‘ഡ്രോൺ ചോറെ’ന്ന് സംശയം; ഭാര്യവീട്ടിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകളില്‍ മോഷണം നടത്തിയെന്ന് സംശയിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചയാള്‍ മരിച്ചു. റായ്ബറേലിയില്‍ ഹരിഓം എന്ന യുവാവിനെയാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിഓം ഫത്തേപൂരിലെ ഭാര്യ വീട് സന്ദര്‍ശിച്ച് മടങ്ങവെയായിരുന്നു സംഭവം.


ഡ്രോണ്‍ ചോര്‍’ എന്നാണ് സാങ്കല്‍പ്പിക മോഷ്ടാവിന് നാട്ടുകാര്‍ നല്‍കിയ പേര്. മോഷ്ടിക്കേണ്ട വീടുകളില്‍ ആദ്യം അടയാളമിടുകയും പിന്നീട് വീടിന്റെ മേല്‍ക്കൂരയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയും അനുകൂല സാഹചര്യത്തില്‍ മോഷണം നടത്തുകയും ചെയ്യുന്നതാണ് ഡ്രോണ്‍ ചോറിന്റെ രീതി എന്നായിരുന്നു പ്രചാരത്തിലുണ്ടായിരുന്ന അഭ്യൂഹം.


കാന്‍പൂര്‍, മഹാരാജ്പൂര്‍, മധോഗഡ്, രാംപുര തുടങ്ങിയ മേഖലകളിലും ഡ്രോണ്‍ ചോറിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഈ അഭ്യൂഹം പടരുന്നത് എന്നാണ് അദികൃതര്‍ വ്യക്തമാക്കുന്നത്.


Sharing is Caring