ഡോ, ഹാരിസ് സത്യസന്ധനും, കഠിനധ്വാനിയും;ഡോക്ടർ പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോ, ഹാരിസ് സത്യസന്ധനാണെന്നും രോഗികളില്‍ നിന്ന് പണം വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണെന്നും മന്ത്രി പ്രശംസിച്ചു.

ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്‌നങ്ങളാണ്. തനിക്ക് മുന്‍പിലെത്തുന്ന രോഗികള്‍ തന്റെ പ്രിയപ്പെട്ടവരെന്ന് എല്ലാവരും ചിന്തിക്കുന്നതോടെ സിസ്റ്റം ശരിയാകും. ഡോ ഹാരിസ് അങ്ങനെ ചിന്തിക്കുന്നയാളാണെന്നും സിസ്റ്റത്തില്‍ നിരന്തരം തിരുത്തലുകള്‍ നടന്നുവരികയാണെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുതെന്നും ഡാറ്റ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധന മനസിലാകുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 1600 കോടി സര്‍ക്കാര്‍ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് കേരളമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 2021ല്‍ സൗജന്യ ചികിത്സ നല്‍കിയത് 2.5 ലക്ഷം പേര്‍ക്കാണ്. ഇത് 2024 ആയപ്പോഴേക്കും 6.5 ലക്ഷമായി ഉയര്‍ന്നു. കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ മാത്രമല്ല എല്ലാ സാമൂഹ്യ വിഭാഗങ്ങളിലും ഉള്ളവര്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നുണ്ട്.

സര്‍ക്കാര്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയാണെന്നും നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഒരു സ്വകാര്യ ആശുപത്രിയിലേത് പോലെ എളുപ്പത്തില്‍ ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സാധിച്ചെന്ന് വരികയില്ല. അതിന് ഏതെങ്കിലും ചട്ടങ്ങളോ മറ്റോ തടസമാകുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് സ്വീകരിക്കും.

മന്ത്രി പറഞ്ഞു. തിങ്കളാഴ്ചകളില്‍ എച്ച്ഒഡിമാരുടെ യോഗം താന്‍ വിളിച്ച് ചേര്‍ക്കാറുണ്ടെന്നും അത് അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ തുറന്ന് സംസാരിക്കാനുള്ള വേദിയാണെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *