
ഡോക്ടർ വന്ദന ദാസിൻ്റെ കൊലപാതകം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും.
റൂറൽ എസ്.പി. എം.എൽ. സുനിൽ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും. എഫ്ഐആറിലെ പിഴവുകൾ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം മാറ്റിയത്.കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ കിട്ടിയില്ല. പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ച ആളെയും കണ്ടെത്താനായിട്ടില്ല.

പുലർച്ചെ പ്രതി പൊലീസിനെ ഫോണിൽ വിളിക്കുന്നതിന് മുൻപ് ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികക്ക് വീഡിയോ സന്ദേശം അയച്ചു. തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തിൽ സന്ദീപ് പറഞ്ഞത്. പ്രതിയുടെ ശാരീരിക, മാനസിക ആരോഗ്യ നില മെച്ചപ്പെട്ട ശേഷം മാത്രം കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.
