ഡല്‍ഹി സ്ഫോടനത്തിന് പിന്നില്‍ ഉഗ്രശേഷിയുള്ള ‘മദര്‍ ഓഫ് സാത്താൻ’ എന്ന് നിര്‍ണായ കണ്ടെത്തല്‍

കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്തെ നടുക്കി ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കെ സ്ഫോടക വസ്തു സംബന്ധിച്ച്‌ നിർണായക കണ്ടെത്തല്‍.തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഉണ്ടായ സ്ഫോടനത്തില്‍ ‘മദർ ഓഫ് സാത്താൻ’ എന്നറിയപ്പെടുന്ന ഉഗ്രശേഷിയുള്ള ഒരു സ്ഫോടകവസ്തു ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.


നാഷണല്‍ സെക്യൂരിറ്റി ഗാർഡും ഫോറൻസിക്കും സമർപ്പിക്കാനുള്ള വിശദമായ സ്ഫോടക റിപ്പോർട്ടില്‍ ഇത് സ്ഥിരീകരിച്ചാല്‍ അന്വേഷണത്തില്‍ നിർണായകമാകുമെന്ന് പൊലീസ് അറിയിച്ചു.മദർ ഓഫ് സാത്താൻ (സാത്താന്റെ മാതാവ് ) എന്ന പേരില്‍ അറിയപ്പെടുന്ന ടിഎടിപിക്ക് സ്ഫോടനമുണ്ടാക്കാൻ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘർഷണം, ഷോക്ക് എന്നിവ കാരണം ഇവ പൊട്ടിത്തെറിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.


നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം 13 പേർ മരിക്കുകയും ഇരുപതിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഒരു i20 കാറില്‍ ഉണ്ടായ സ്ഫോടനത്തില്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി പൊലീസ് നേരത്തെ സംശയിച്ചിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടർ ഉമർ മുഹമ്മദ് ആണ് കാർ സ്ഫോടനത്തിന് പിന്നില്‍. ഇയാളും സ്ഫോടനത്തില്‍ മരണപ്പെട്ടിരുന്നു.

സ്ഫോടനം നടന്ന സ്ഥലം പഴയ ഡല്‍ഹിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്കിന് അടുത്തായിരുന്നു. തിരക്കേറിയ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുമ്ബ് ഉമറിന് കാറിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കളെക്കുറിച്ചും അതിൻ്റെ രീതിയെക്കുറിച്ചും വ്യക്തമായി അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘങ്ങള്‍ വിശ്വസിക്കുന്നു.


Sharing is Caring