
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. കൊച്ചി സ്വദേശി നവീന്‍ ആണ് മരിച്ചത്.
രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് നില കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. ഇവിടെയാണ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. മഴയെ തുടര്‍ന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്‌മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് ചികിത്സ നല്‍കി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിസിപി എം ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധനയും തെളിവെടുപ്പും തുടരുകയാണ്.
