ഡല്‍ഹിയില്‍ അതിശൈത്യ തരംഗ മുന്നറിയിപ്പ്, താപനില 3 ഡിഗ്രിയാകും

ഡല്‍ഹിയും എന്‍സിആറും (ദേശീയ തലസ്ഥാന മേഖല) തിങ്കളാഴ്ച മുതല്‍ അതിശൈത്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്.കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസാണ്.

ജനുവരി 16 നും 18 നും ഇടയില്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആയാ നഗറിലും റിഡ്ജിലും കുറഞ്ഞ താപനില 3 ഡിഗ്രി വരെ ആകാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരേന്ത്യയെ കടുത്ത തണുപ്പിലേക്ക് തള്ളിവിട്ട ശൈത്യകാല തരംഗത്തിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തണുപ്പ് കാരണം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ കൂടുതല്‍ നേരം പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ വിറ്റാമിന്‍-സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാനും ചെറുചൂടുള്ള വെള്ളം കുടിക്കാനും അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *