ടി20 ലോകകപ്പില്‍ ഇന്ന് വീണ്ടുമൊരു ആവേശപ്പോരാട്ടം. മുൻ ചാമ്പ്യന്മാരായ പാകിസ്ഥാൻ ഇന്ന് അമേരിക്കയെ നേരിടും.രണ്ട് വർഷം മുമ്പ് ഡാളസില്‍ നടന്ന ലോകകപ്പില്‍ അമേരിക്കയോട് ഏറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഓർമ്മകള്‍ പാകിസ്ഥാനെ വേട്ടയാടുമ്പോള്‍, മുംബൈയില്‍ ഇന്ത്യയെ വിറപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ അട്ടിമറി ആവര്‍ത്തിക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്.കഴിഞ്ഞ തവണത്തെ തോല്‍വി പാക് താരങ്ങളുടെ മനസില്‍ വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അമേരിക്കൻ ലെഗ് സ്പിന്നർ മുഹമ്മദ് മുഹ്സിൻ മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാനില്‍ ക്രിക്കറ്റ് വളർന്നു വന്ന മുഹ്സിൻ അവിടുത്തെ മിക്ക താരങ്ങള്‍ക്കൊപ്പവും കളിച്ചിട്ടുള്ളയാളാണ്.കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയുടെ ഭാരം പാകിസ്ഥാന്‍റെ മേലുണ്ടാകും. ഈ പാക് ടീമിലെ മിക്ക താരങ്ങള്‍ക്കൊപ്പവും ഞാൻ കളിച്ചിട്ടുള്ളതാണ്. അതിനാല്‍ അവരുടെ ശക്തിയും ബലഹീനതയും എനിക്കറിയാം. ആ രഹസ്യങ്ങള്‍ ഞാൻ തന്‍റെ ടീമുമായി പങ്കുവെച്ചിട്ടുണ്ടെന്നും മുഹ്സിൻ പറഞ്ഞു.മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയെ 77/6 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് തള്ളിയിട്ടാണ് അമേരിക്ക വിറപ്പിച്ചത്. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് 29 റണ്‍സിന്‍റെ ജയം സമ്മാനിച്ചത്.

ആ പ്രകടനം അമേരിക്കക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.ആദ്യ മത്സരത്തില്‍ നെതർലൻഡ്‌സിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട പാകിസ്ഥാൻ ഇന്ന് വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. തുടർച്ചയായി ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ബാബർ അസമിനെ പുറത്തിരുത്തി പരിചയസമ്പന്നനായ ഫഖർ സമനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. സൂപ്പർ എട്ടിലേ്ക് കടക്കാൻ പാകിസ്ഥാന് ഇന്നത്തെ വിജയം അനിവാര്യമാണ്.
അതേസമയം, പഴയ തോല്‍വിയെക്കുറിച്ച് തങ്ങള്‍ ചിന്തിക്കുന്നില്ലെന്ന് പാക് പേസർ സല്‍മാൻ മിർസ പറഞ്ഞു. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. കഴിഞ്ഞ ലോകകപ്പില്‍ അമേരിക്കയോടേറ്റ തോല്‍വി കഴിഞ്ഞുപോയ കാര്യമാണ്. ഈ ഫോർമാറ്റില്‍ ഒരു ടീമും ചെറുതല്ലെന്ന് ഞങ്ങള്‍ക്കറിയാം- മിർസ കൂട്ടിച്ചേർത്തു.













