ജോളിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളില്‍ നിന്നും സയനൈഡ് എന്നു കരുതുന്ന വിഷം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷമാണെന്ന് സ്ഥിരീകരിച്ചെങ്കില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സയനൈഡാണോ എന്ന് ഉറപ്പാക്കാന്‍ കഴിയൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

കാറിന്‍റെ ഡ്രൈവര്‍ സീറ്റിന് ഇടതു ഭാഗത്തായി ഡാഷ് ബോര്‍ഡിന് സമീപം രഹസ്യ അറയുണ്ടാക്കിയാണ് ജോളി വിഷം സൂക്ഷിച്ചിരുന്നത്. പ്രത്യേകം കവറുകളാക്കിയ നിലയിലാണ് വിഷം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് കാറിനുള്ളില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പോലീസിനോട് പറഞ്ഞത്. പിന്നാലെ ഇന്ന് രാവിലെ എത്തി അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജോളി ഈ കാറാണ് ഉപയോഗിച്ചിരുന്നത്. കേസില്‍ അറസ്റ്റുണ്ടായതിന് പിന്നാലെ പൊന്നാമറ്റം വീട്ടില്‍ നിന്നും മാറ്റിയ കാര്‍ സമീപത്തെ വീടിന്‍റെ പരിസരത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇവിടെയെത്തിയാണ് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാറിനുള്ളില്‍ നിന്നും ലഭിച്ച മുഴുവന്‍ വസ്തുക്കളും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *