ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് മൂന്നാമതും നീട്ടി. ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം അന്വേഷണക്കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജേക്കബ് തോമസിനെതിരായ അച്ചടക്കരാഹിത്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്ന കമ്മിഷനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

അതേസമയം, ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരുവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ നീട്ടണമെങ്കില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. കേന്ദ്രാനുമതിക്കായി അപേക്ഷിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി അയക്കുന്നത്.

അന്വേഷണക്കമ്മിഷന്റെ നോട്ടീസിന് മറുപടി നല്‍കുകയോ കമ്മിഷനുമായി സഹകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കമ്മിഷന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞു. ഇതേത്തുടര്‍ന്നാണ് വീണ്ടും സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മിഷന്‍ ശുപാര്‍ശ നല്‍കിയരുന്നത്.

ഓഖിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു പുസ്തകം എഴുതിയതിനുമാണ് ഡി.ജി.പി. ജേക്കബ് തോമസിനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി നേരത്തേയും നീട്ടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *