ജെൻസന്‍റെ ആഗ്രഹം പോലെ ശ്രുതിക്ക് അനുയോജ്യമായ ജോലി നല്‍കുമെന്ന് മന്ത്രി കെ.രാജൻ

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും നഷ്ടമായതിന് പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട വയനാട് ചൂരല്‍മല സ്വദേശിനി ശ്രുതിക്ക് അനുയോജ്യമായ ജോലി നല്‍കുമെന്ന് മന്ത്രി കെ.രാജൻ. ശ്രുതിയുടെ പ്രതിശ്രുത വരൻ ജൻസെൻ കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

‘ശ്രുതിക്ക് മെച്ചപ്പെട്ട ഒരു ജോലി ലഭിക്കണമെന്നായിരുന്നു ജെൻസന്‍റെ ആഗ്രഹം. ജെൻസൻ ആഗ്രഹിച്ചത് പോലെ തന്നെ നല്ല ജോലി സമ്മാനിക്കും.ശ്രുതി ഒറ്റപ്പെടില്ല. സർക്കാർ എല്ലാ സഹായങ്ങളും നല്‍കും’ -മന്ത്രി പറഞ്ഞു.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള ഉറ്റവരെ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ. ചൊവ്വാഴ്ച കല്‍പറ്റക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് ജെൻസന് ഗുരുതരമായ പരിക്കേറ്റത്. ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാല്‍ പ്രാർഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് ബുധനാഴ്ച രാത്രിയോടെ ജെൻസന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചൂരല്‍മലയിലെ സ്കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്ബത് പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണവും നാലു ലക്ഷം രൂപയും വീടടക്കം ഉരുള്‍ കൊണ്ടുപോയി.

രണ്ട് മതവിഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയും ജെൻസനും സ്കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം. ഇതിനിടെയാണ് വാഹനാപകടം ശ്രുതിയുടെ ജീവിതത്തില്‍ വീണ്ടും ഇരുള്‍ പടർത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *