ജെസ്‌നയുടെ സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരന്‍

ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്ന് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് പറഞ്ഞു. സുഹൃത്തിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലാത്തതുകൊണ്ടാണ് ആരോപണം ഉന്നയിക്കാത്തതെന്നും ജെയ്‌സ് പറഞ്ഞു.

ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ നേരിട്ട് പരിചയമില്ല. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തോട് ജെസ്‌നയുടെ കുടുംബം പൂര്‍ണമായും സഹകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്ക് വിധേയരാവാനും തങ്ങള്‍ തയ്യാറാണ്‌. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ജെയ്‌സ് പറഞ്ഞു.

ജെസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജെസ്നയുടെ സുഹൃത്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ ജെസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള്‍ മുമ്ബും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതാണ്. ഇക്കാര്യം പോലിസിനോടും പറഞ്ഞതാണെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് ഒരു സ്വകാര്യചാനലിനോട് പറഞ്ഞിരുന്നു.

അതേസമയം, തിരോധാനവുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ കുടുംബത്തിനെതിരെയും അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജെസ്‌ന വീട് വിട്ടിറങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്താണെന്ന് കണ്ടെത്തണം. പോലീസ് അന്വേഷണത്തെ വഴിതിരിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഗൂഢപ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്നും സംശയമുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *