ജീവിത വഴിയില്‍ തളരാത്ത പോരാളി വര്‍ക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയില്‍ ജോലി ചെയ്യും

ജീവിത വഴിയില്‍ തളരാത്ത പോരാളി വര്‍ക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയില്‍ ജോലി ചെയ്യും. കൊച്ചിയില്‍ പഠിക്കുന്ന മകന്റെയൊപ്പം താമസിച്ച്‌ ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന ആനിയുടെ അപേക്ഷ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പരിഗണിക്കുകയായിരുന്നു.

തിരുവനന്തപുരം റേഞ്ചില്‍ നിന്ന്‌ കൊച്ചി റേഞ്ചിലേക്ക് സ്ഥലംമാറ്റി അനുകൂലമായ ഉത്തരവ് ഡി.ഐ.ജി. ഹരിശങ്കര്‍ ഇറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ ആയിരുന്നു ആനി ശിവ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇക്കാലയളവില്‍ ആനിയും മകനും തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തു.

മകന്‍ സൂര്യശിവ കൊച്ചിയിലെ സ്കൂളില്‍ പഠനവും തുടങ്ങി.സൂര്യശിവയെ ഒറ്റയ്ക്ക് ആക്കിയായിരുന്നു വര്‍ക്കലയില്‍ എസ്.ഐ.ആയി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞദിവസം ആനി എത്തിയത്. കൊവിഡ് കാലത്ത് മകന്‍ ഒറ്റയ്ക്കാണെന്നും പഠനത്തില്‍ സഹായിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റം നല്‍കണമെന്നായിരുന്നു അപേക്ഷ.

ജീവിതം ഒറ്റയ്ക്ക് പോരാടി വിജയിച്ച്‌ നാടിന് പ്രചോദനമായി മാറിയ ആനിയുടെ സങ്കടത്തിന് ഒടുവില്‍ പൊലീസ് തന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.

ഭര്‍ത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന ആനിശിവ ലോകത്തിന് തന്നെ മാതൃകയാണ്. ശിവഗിരി തീര്‍ഥാടന സമയത്ത് നാരാങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയി എത്തിയപ്പോള്‍ അത് തളരാത്ത പോരാട്ടത്തിന്റെ ചിത്രം കൂടിയായി.

കോളജ് വിദ്യാര്‍ഥിയായിരിക്കുമ്ബോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്നത്.കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ. കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്ബോള്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു.

ഒരു കുഞ്ഞ് ജനിച്ച്‌ ആറ് മാസമായപ്പോള്‍ ഈ കൂട്ട് നഷ്ടമായി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് അമ്മൂമ്മയുടെ വീട്ടിലെ ഒരു ചായ്പ്പിലായി താമസം.ഈ കാലത്ത് പല ജോലികളും നോക്കിയിരുന്നു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വില്‍ക്കല്‍, ഇന്‍ഷുറന്‍സ് ഏജന്‍റ്. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി കൊടുക്കല്‍, ഉത്സവ വേദികളില്‍ ചെറിയ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു.

ഇതിനിടയില്‍ കോളജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകള്‍ക്കിടയിലും പഠിച്ച്‌ സോഷ്യോളജിയില്‍ ബിരുദം നേടി. പിന്നീടാണ് ഒരു സര്‍ക്കാര്‍ ജോലി വേണം എന്ന സ്വപ്നം മനസ്സില്‍ കടന്ന് കൂടിയത്. അവിടെ നിന്നാണ് ഇന്ന് എസ്.ഐ കുപ്പായത്തില്‍ ആനി ശിവ എത്തിനില്‍ക്കുന്നത്.

സ്വപ്രയത്നത്താല്‍ ജീവിതം തിരികെപ്പിടിച്ച്‌ എസ്.ഐ കുപ്പായത്തിലെത്തിയ ആനി ശിവയെ മുന്‍മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ആനി ശിവ കരുത്തിന്‍റെ പ്രതീകമാകുന്നു. ജീവിതത്തിന്‍റ പ്രതിസന്ധി ഘട്ടങ്ങളില്‍ തോറ്റുകൊടുക്കാതെ മുന്നോട്ടു പോകാന്‍ പുതുതലമുറയ്ക്കുള്ള പാഠമാണ് ആനിയുടെ ജീവിതം.

ഗാര്‍ഹിക പീഢനങ്ങളുടെയും സ്ത്രീധനകൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ക്കിടയില്‍ സമൂഹം ആഗ്രഹിക്കുന്ന പെണ്‍കുട്ടിയായി ആനി തലയുയര്‍ത്തി നില്‍ക്കുന്നു. സ്ത്രീകള്‍ സ്വതന്ത്രരാകണമെങ്കില്‍ സ്വന്തംകാലില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിക്കണം.

പഠനം പൂര്‍ത്തിയാക്കി ജോലി കണ്ടെത്തുക എന്നത് തൊഴിലില്ലായ്മ രൂക്ഷമായ ഇന്നത്തെ സമൂഹത്തില്‍ അത്ര എളുപ്പമല്ല. അവിടെയും ആനി വ്യത്യസ്ത മാതൃകയാകുന്നു.തല്‍കാലം തനിക്കും മകനും ജീവിച്ചുപോകാന്‍ നാരങ്ങവെള്ളം വില്‍ക്കുന്നതടക്കമുള്ള ജോലി തിരഞ്ഞെടുത്തത് അധ്വാനിച്ച്‌ ജീവിക്കുന്നതിന്‍റെ അന്തസ്സ് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന
കാര്യമായി.

പെണ്‍കുട്ടികളെ ഏതു വിധേനയും വിവാഹം ചെയ്ത് പറഞ്ഞയക്കാനല്ല, ഇതുപോലൊരു മകളെ കിട്ടാനാണ് മാതാപിതാക്കള്‍ ആഗ്രഹിക്കേണ്ടത്. അതിനുള്ള പിന്തുണയും പ്രേരണയുമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്.
ആനിയെ പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ച സുഹൃത്തിന് അഭിവാദ്യങ്ങള്‍
SI ആനിശിവയ്ക്ക് ഒരു ബിഗ്സല്യൂട്ടെന്ന് കെ കെ ശൈലജ ടീച്ചര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആനി ശിവയ്ക്ക് ആശംസകളുമായി നടി ശ്വേതാ മേനോനും രം​ഗത്തെത്തിയിരുന്നു. ശ്വേതാ മേനോന്‍ പങ്കുവച്ച കുറിപ്പും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

‘ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ച്‌, 6 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തെരുവിലേക്ക് ഇറങ്ങുമ്ബോള്‍ ആനി ശിവയ്ക്ക് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. 14 വര്‍ഷത്തെ പോരാട്ടത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷം അവള്‍ ഇപ്പോള്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആയി. 2014-ല്‍ ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചപ്രകാരം വനിതാ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ അനി തിരുവനന്തപുരത്തെ കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നു. വനിതാ പൊലീസിനായി അവര്‍ ടെസ്റ്റിനും ഹാജരായി. 2016ല്‍ ഒരു വനിതാ പൊലീസായി നിയമിതയായി. 2019ല്‍ സബ് ഇന്‍സ്പെക്ടര്‍ ടെസ്റ്റ് ക്ലിയര്‍ ചെയ്തു. ഒരു ദശാബ്ദം മുമ്ബ് ഐസ്ക്രീമുകളും നാരങ്ങാവെള്ളവും മറ്റ് വീട്ടുപകരണങ്ങളും വിറ്റിരുന്നവള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടറായി നിയോഗിക്കപ്പെട്ടിരിക്കുന്നു’, എന്നാണ് ശ്വേത കുറിച്ചത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *