ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കാനഡയിലേക്ക്; ഇറാൻ- ഇസ്രയേൽ സംഘർഷം ചർച്ചയായേക്കും


narendra modi

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലേക്ക്. ഉച്ചകോടിയിൽ ഡോണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളെയും മോദി കണ്ടേക്കും. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഈ സാഹചര്യം ഉച്ചകോടിയിൽ പ്രധാന ചർച്ചയാക്കാനാണ് സാധ്യത.


രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം തീർക്കണം എന്ന നിലപാട് ഇന്ത്യ ഉച്ചകോടിയിൽ അറിയിക്കും. കാനഡയിലെ കനാനസ്‌കിസിലാണ് 51-ാമത് ജി-7 ഉച്ചകോടി നടക്കുന്നത്. നയതന്ത്ര ബന്ധം വഷളായതിന് ശേഷമുള്ള മോദിയുടെ ആദ്യ കാനഡ സന്ദർശനം കൂടിയാണിത്. സംഘർഷ വിഷയം ഉന്നയിക്കുന്നതിന് പുറമെ ഊർജ്ജ സുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളിലും ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.


അതേസമയം ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന വിദേശ പര്യടനം തുടരുകയാണ്. ഇന്നലെ വൈകിട്ട് സൈപ്രസിലെത്തിയ മോദിയെ സൈപ്രസ് പ്രസിഡന്‍റ് നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് ക്രിസ്റ്റോ ഡുലീദസുമായി മോദി ചർച്ച നടത്തി.



Sharing is Caring