ജില്ലയിലെ സിപിഐഎമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ട് ഇടപെട്ട് കേന്ദ്ര നേതാക്കള്‍. പാലക്കാട് സിപിഐഎം ജില്ലാ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഏരിയ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂറുമായി കേന്ദ്ര നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തി. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരാണ് ചര്‍ച്ച നടത്തിയത്.വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി ഇടപെടുമെന്ന് പാര്‍ട്ടി വിടാന്‍ ഒരുങ്ങിയവര്‍ക്ക് സിപിഐഎം കേന്ദ്ര നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊഴിഞ്ഞാമ്പാറയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാര്‍ട്ടി വിട്ടു വിമത പക്ഷത്തേക്ക് നീങ്ങിയതില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതാക്കള്‍ ഇടപെട്ടത്.അബ്ദുല്‍ ഷുക്കൂറിനെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് മുപ്പതോളം പേര്‍ പാര്‍ട്ടി വിട്ടത്. നാല് ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി 24 പേര്‍ രാജിസമര്‍പ്പിച്ചിരുന്നു.ജില്ലാ സെക്രട്ടറിക്കെതിരായ പ്രതിഷേധമാണ് രാജിയെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും രാജി സമര്‍പ്പിച്ചവര്‍ ആവശ്യപ്പെട്ടിരുന്നു. ഏരിയാ കമ്മിറ്റി യോഗത്തില്‍വെച്ച് ജില്ലാ നേതൃത്വത്തോട് കലഹിച്ചതിന് പിന്നാലെയാണ് അബ്ദുല്‍ ഷുക്കൂറിനെ പാര്‍ട്ടി തരംതാഴ്ത്തിയത്.












