ഭീകരവാദ ഗ്രൂപ്പുകള്‍ക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരേയുള്ള മിഷൻ മോഡ് ദൗത്യം തുടരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ജമ്മു കാഷ്മീരിനെ ഭീകര വിമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.ജമ്മു കാഷ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കൈവരിച്ച നേട്ടങ്ങള്‍ നിലനില്‍ക്കാനും എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും ഷാ നിർദേശം നല്‍കി.ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ കുമാർ ദേക്ക, ജമ്മു കാഷ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ യോഗത്തില്‍ പങ്കെടുത്തു. വിവിധ കേന്ദ്ര പോലീസ് സേനകളുടെ മേധാവികളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

കേന്ദ്രഭരണപ്രദേശത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ സുരക്ഷാ ഏജൻസികള്‍ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങള്‍ മിഷൻ മോഡില്‍ തുടരണമെന്നും അമിത് ഷാ നിർദേശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജമ്മു കാഷ്മീരില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനും ഭീകരവാദം തുടച്ചുനീക്കാനും സർക്കാരിനു പൂർണ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.












