ജമ്മു കാശ്മീരിലെ ആർമി പിക്കറ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ജവാന് പരിക്കേറ്റു

ജമ്മു കാശ്മീരിലെ ആർമി പിക്കറ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ജവാന് പരിക്കേറ്റു. രജൗരിയില്‍ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്.പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.


ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഭീകരർ അർമി പിക്കറ്റിന് നേരെ വെടിയുതിർത്തതെന്നാണ് വിവരം. തുടർന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയും, പ്രദേശത്ത് ഭീകരർക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകള്‍.


ജൂലായ് 19 ന് ജമ്മു കാശ്മീരിലെ കെരാൻ സെക്ടറിലെ നിയന്ത്രണ രേഖയില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. അതിനുമുമ്ബ് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ കസ്തിഗഢ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

മേജർ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, സൈനികരായ ബിജേന്ദ്ര, അജയ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കൂടാതെ രണ്ട് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പാക് ഭീകര ഗ്രൂപ്പായ ജയ്‌ഷെ മുഹമ്മദിന്റെ നിഴല്‍ സംഘമായ ‘കാശ്മീർ ടൈഗേഴ്സ്’ ആണ് ആക്രമണത്തിനു പിന്നില്‍.

ജില്ലയിലെ ദേസ വനത്തില്‍ ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ നടന്നത്. ഭീകരവിരുദ്ധ സേനയായ രാഷ്‌ട്രീയ റൈഫിള്‍സും ജമ്മു കാശ്‌മീർ പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഒളിച്ചിരുന്ന് വെടിവച്ച ഭീകരർക്കെതിരെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.


Sharing is Caring