ജമ്മു കശ്മീർ മുൻ ഗവർണരുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്. പുൽവാമ ആക്രമണം സംബന്ധിച്ച വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡൽഹിയിൽ പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് വൈകീട്ട് ആർകെ പുരം സെക്ടർ 12 സെൻട്രൽ പാർക്കിൽ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാപ് പ്രതിനിധികൾ പരിപാടിക്ക് എത്തിയിരുന്നു.

400 ഓളം ഖാപ് നേതാക്കൾക്ക് ഒപ്പം വിവിധ കർഷക സംഘടനയിലെ നേതാക്കളും പങ്കെടുന്ന പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും ആർകെ പുരം സെക്ടർ 12 സെൻട്രൽ പാർക്കിൽ പൂർത്തിയായിരുന്നു. പന്തൽ അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷം അവസാന നിമിഷത്തിലാണ് സുരക്ഷ കാര്യങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്ത് വന്നത്. തുടർന്ന്, പന്തൽ പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇതിനിടെ, ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 28 നാണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്.

പുൽവാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭീകരക്രമണത്തെ ഉപയോഗിച്ചുവെന്നുമാണ് സത്യപാൽ മാലിക് ആരോപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *