ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ച്‌ കഴിഞ്ഞു. 40 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.കശ്മീർ മേഖലയില്‍ 16 മണ്ഡലങ്ങളും ജമ്മു മേഖലയില്‍ 24 മണ്ഡലങ്ങളുമായി 415 സ്ഥാനാർഥികള്‍ ജനവിധി തേടുന്നു.

കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും എന്നതില്‍ വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ബി ജെ പിയുടെ വിഭജന രാഷ്ട്രീയത്തെ വെല്ലുവിളിക്കാനുള്ള ജനങ്ങളുടെ കൂട്ടുകെട്ടാണെന്നും സഖ്യം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നാണ് ജമ്മു കശ്മീർ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ജെകെപിസിസി) തലവൻ താരിഖ് ഹമീദ് കർറ അവകാശപ്പെടുന്നത്.

ആദ്യ ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ സഖ്യത്തിന് മികച്ച പിന്തുണ ലഭിച്ചു. മൂന്നാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള നിലയിലേക്ക് സഖ്യം എത്തും. വിഘടന ശക്തികളെ പരാജയപ്പെടുത്താനും മതേതര ശക്തികള്‍ക്ക് അവസരം നല്‍കാനും ജമ്മു കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍, അത് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ മാത്രമാണ് നടക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ മേഖലയില്‍ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാറിനും ബി ജെ പിക്കും താല്‍പ്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരില്‍ ബി ജെ പി വലിയ തോതില്‍ വികസനം കൊണ്ടുവന്നുവെന്നത് വെറും അവകാശവാദങ്ങള്‍ മാത്രമാണ്. ഒന്നും രണ്ടും യു പി എ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടത്തുക മാത്രമാണ് അവർ ഇപ്പോഴും ചെയ്യുന്നത്. ജനങ്ങള്‍ക്ക് അതെല്ലാം മനസ്സിലാകുമെന്നും താരിഖ് ഹമീദ് കർറ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *