ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.വടക്കൻ കശ്മീർ ജില്ലയിലെ ലോലാബിലെ മാർഗി പ്രദേശത്ത് രാത്രിയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണം ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ആഭ്യന്തര ശ്രമമാണ് ഇതെന്നാണ് ഫാറൂഖ് പ്രതികരിച്ചത്.ഇതിനിടെ കശ്മീരിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഗവർണർ രംഗത്തെതിയിരുന്നു.
ആരെങ്കിലും തീവ്രവാദികള്‍ക്ക് അഭയം നല്‍കിയാല്‍ അവരുടെ വീട് നിലംപരിശാക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് സിൻഹ പറഞ്ഞു. നമ്മുടെ അയല്‍ക്കാർ ആണ് ഇതിന് പരിശ്രമിക്കുന്നത്. ഇവിടെയുള്ള ആളുകളാണ് അവരുടെ നിർദ്ദേശപ്രകാരം അത് ചെയ്യുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഇത്തരക്കാരെ തിരിച്ചറിയേണ്ടത് സുരക്ഷാ സേനയുടെയും ഭരണകൂടത്തിൻ്റെയും മാത്രമല്ല ജനങ്ങളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സേനയും ഭരണകൂടവും ജനങ്ങളും ഒരുമിച്ചാല്‍ ഭീകരവാദം ഒരു വർഷത്തില്‍ കൂടുതല്‍ ഇവിടെ നിലനില്‍ക്കില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
താഴ്‌വരയില്‍ ഭീകരതയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം.