ചേര്‍ത്തലയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് രതീഷ് ഒറ്റയ്ക്കെന്ന് നിര്‍ണായക കണ്ടെത്തല്‍

ആലപ്പുഴ ചേര്‍ത്തലയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം കുഞ്ഞിന്റെ മാതാവിന്റെ ആണ്‍സുഹൃത്ത് ഒറ്റയ്ക്ക് നടത്തിയതെന്ന് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകം നടത്താന്‍ കുഞ്ഞിന്റെ മാതാവും തന്നോടൊപ്പമുണ്ടായിരുന്നെന്ന പ്രതി രതീഷിന്റെ മൊഴി കളവാണെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറിയത് കുഞ്ഞിന്റെ മാതാവ് ആശ തന്നെയാണെങ്കിലും കൊലപാതകം നടത്തിയത് രതീഷ് ഒറ്റയ്ക്കാണെന്ന് പൊലീസ് അറിയിച്ചു.

കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്നായിരുന്നു രതീഷ് ആശയോട് പറഞ്ഞിരുന്നതെന്ന് ആശ മൊഴി നല്‍കി. രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലാണ് പൊലീസ് ഇന്നലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. ആശ ആശുപത്രിയിലായിരുന്ന നേരത്ത് കൂട്ടിരിപ്പുകാരനായി നിന്നത് രതീഷായിരുന്നു. ഭര്‍ത്താവെന്ന് പറഞ്ഞാണ് രതീഷ് ഒപ്പം നിന്നത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കുഞ്ഞിനെ ആശ രതീഷിന്റെ കൈയില്‍ ഏല്‍പ്പിച്ചു. ശേഷം കുഞ്ഞുമായി വീട്ടിലെത്തിയ രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ യുവതി പ്രസവിച്ചത്.

പള്ളിപ്പുറം പഞ്ചായത്തില്‍ താമസിക്കുന്ന യുവതിയുടെ വീട്ടില്‍ ആശാ വര്‍ക്കര്‍ എത്തുകയും തുടര്‍ന്ന് കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാള്‍ക്ക് കുഞ്ഞിനെ വിറ്റെന്ന് യുവതി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ അഡ്മിഷന്‍ വിവരങ്ങള്‍ ലഭിക്കുകയും കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഡിസ്ചാര്‍ജായി പോകുന്ന സമയത്ത് യുവതിയുടെ കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവല്ലെന്നും മറ്റൊരു യുവാവാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.

യുവതി ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. വയറ്റില്‍ മുഴ ആണെന്നാണ് വീട്ടില്‍ പറഞ്ഞത് , ബൈസ്റ്റാന്‍ഡറായി ആശുപത്രിയില്‍ നിന്നത് വാടകയ്ക്ക് നിര്‍ത്തിയ സ്ത്രീ ആണെന്നും വളര്‍ത്താന്‍ നിവര്‍ത്തിയില്ലാത്ത കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നുമാണ് യുവതി പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ ഷില്‍ജ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *